ചെന്നൈ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ട്രെയിൻ നിന്നത് ഇലക്ട്രിക് പോസ്റ്റും തകർത്ത്
സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനാൽ ട്രെയിനിന് വേഗത കുറവായിരുന്നു. ഇത് വൻ അപകടമൊഴിവാകാൻ കാരണമായി
ഷൊർണൂർ: ഷൊർണൂർ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റിയത് ഷൊറണൂർവഴി പാലക്കാട് ,തൃശ്ശൂർ ഭാഗത്തേക്കുളള ട്രെയിൻ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. ചെന്നൈ മംഗലാപുരം എക്സ്പ്രസാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. ബദൽപാതവഴിയാണ് ട്രെയിൻ ഗതാഗതം.
ഷൊറണൂർ റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ യാർഡിലാണ് എൻജിൻ ഉൾപ്പെടെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നിമാറിയത്. ട്രാക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് ട്രെയിൻ നിന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനാൽ ട്രെയിനിന് വേഗത കുറവായിരുന്നു. ഇത് വൻ അപകടമൊഴിവാകാൻ കാരണമായി. പാഴ്സൽ വാഗണൺ ഉൾപ്പെടെയുളള ഭാഗമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് സിഗ്നൽ സംവിധാനം താറുമാറായി.
സിഗ്നൽ സംവിധാനം പുനസ്ഥാപിച്ചെങ്കിലും മൂന്ന് ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ്, ആലപ്പുഴയിൽ നിന്നുളള ധൻബാദ് എക്സ്പ്രസ്, രപ്തിസാഗർ എക്സ്പ്രസ് എന്നിവ ഷൊർണൂർ സ്റ്റേഷനിൽ പ്രവേശിക്കാതെ വഴിതിരിഞ്ഞ് പോകും. ഷൊറണൂർ - നിലമ്പൂർ റോഡ് പാസഞ്ചർ ഇന്നത്തേക്ക് റദ്ദാക്കിയിട്ടുമുണ്ട്. ട്രാക്കിലെ അറ്റകുറ്റപ്പണികാരണം ഷൊർണൂർ- തൃശ്ശൂർ റൂട്ടിൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. സംഭവത്തിന്‍റെ കാരണത്തെക്കുറിച്ച് റെയിൽവെ അന്വേഷണം തുടങ്ങി.