സൊമാറ്റോ സിഇഒ വിവാഹിതനായെന്ന് റിപ്പോർട്ട്; വധു മെക്സിക്കൻ മോഡൽ
ടെലിവിഷൻ അവതാരക കൂടിയായ മുനോസ് തൻ്റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം താനിപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത് എന്നാണ് പറയുന്നത്. ജനുവരിയിൽ മുനോസ് ഡൽഹിയിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ബെംഗളൂരു: പ്രശസ്ത ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ വിവാഹിതനായതായി റിപ്പോർട്ട്. മെക്സിക്കൻ മോഡലായ ഗ്രെസിയ മുനോസിനെയാണ് ദീപീന്ദർ വിവാഹം കഴിച്ചതെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരൊന്നിച്ച് ഹണിമൂൺ യാത്രകൾ നടത്തിയെന്ന് സുഹൃത്ത് പറഞ്ഞതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ടെലിവിഷൻ അവതാരക കൂടിയായ മുനോസ് തൻ്റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം താനിപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത് എന്നാണ് പറയുന്നത്. ജനുവരിയിൽ മുനോസ് ഡൽഹിയിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഗുഡ്ഗാവിൽ നിന്നുള്ള 41കാരനായ ദീപീന്ദർ ഗോയലിന്റെ രണ്ടാം വിവാഹമാണിത്. കൺസൾട്ടിംഗ് സ്ഥാപനമായ ബെയ്ൻ ആൻഡ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് 2008-ൽ റസ്റ്റോറൻ്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമായ സൊമാറ്റോ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം സൊമാറ്റോയിൽ വലിയ മാറ്റങ്ങൾ വരുത്തി ദീപീന്ദർ ഗോയൽ രംഗത്തെത്തിയിരുന്നു. പുതിയ 'പ്യുവർ വെജ് ഫ്ലീറ്റ്' അവതരിപ്പിച്ചായിരുന്നു മാറ്റം. പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ഇനി മുതൽ സസ്യാഹാരം ഡെലിവറി ചെയ്യുന്നവർ ധരിക്കുക എന്ന ആദ്യ പ്രഖ്യാപനം തിരുത്തുകയായിരുന്നു ദീപീന്ദർ ഗോയൽ. 'പ്യുവർ വെജിറ്റേറിയൻ' ഡെലിവറി വിഭാഗം പച്ചയ്ക്ക് പകരം സൊമാറ്റോയുടെ ട്രേഡ് മാർക്ക് നിറമായ ചുവപ്പ് ധരിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
"ഞങ്ങളുടെ എല്ലാ റൈഡർമാരും അതായത് സാധാരണ ഫ്ലീറ്റും സസ്യാഹാരികൾക്കുള്ള ഫ്ലീറ്റും ചുവപ്പ് നിറം തന്നെ ഡ്രസ്സ് കോഡ് ധരിക്കുന്നത് തുടരും" എന്ന് ദീപീന്ദർ ഗോയൽ എക്‌സിൽ കുറിച്ചു. അതായത് വെജിറ്റേറിയൻ ഓർഡറുകൾ വിതരണം ചെയ്യുന്നത് തിരിച്ചറിയാൻ കഴിയില്ല എന്നാണ്. എന്നാൽ വെജ് ഓർഡറുകൾ വെജ് ഓൺലി ഫ്ലീറ്റ് നൽകുമെന്ന് ആപ്പിൽ കാണിക്കും. നോൺ-വെജ് ഭക്ഷണം, ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ ഏതെങ്കിലും പ്രത്യേക സമയങ്ങളിൽ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത് ആരെങ്കിലും തടഞ്ഞേക്കുമെന്നുള്ള നിഗമനത്തെ തുടർന്നാണ് വെജ്, നോൺ വെജ് ഡെലിവറി ജീവനക്കാർക്ക് ഒരേ ഡ്രസ്സ് കോഡ് സൊമാറ്റോ നൽകിയിരിക്കുന്നത്.
"ഞങ്ങളുടെ റൈഡറുടെ ശാരീരിക സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പോലും അവരുടെ താമസ സ്ഥലങ്ങളിൽ ഇത് പ്രശ്‌നമുണ്ടാക്കാമെന്ന് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു, ഞങ്ങൾ കാരണം അത് സംഭവിച്ചാൽ അത് നല്ലതായി കരുതുന്നില്ല," ഗോയൽ തൻ്റെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. വെജിറ്റേറിയൻ ഉപഭോക്താക്കൾക്ക് മുൻഗണനകളോടെ സേവനം നൽകുന്നതിനായി 'പ്യുവർ വെജ്' ഡെലിവറി ഫ്ലീറ്റ് ആരംഭിച്ചതായി ചൊവ്വാഴ്ച സൊമാറ്റോ അറിയിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതെങ്ങനെയെന്നും അവരുടെ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കുന്ന, വെജിറ്റേറിയൻ ഭക്ഷണം മാത്രം ഡെലിവറി ചെയ്യുന്ന രീതിയിൽ ആണ് പദ്ധതി. പൂർണ്ണമായും വെജിറ്റേറിയൻ ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷമാണ് ഈ സെഗ്‌മെൻ്റ് അവതരിപ്പിച്ചതെന്ന് സൊമാറ്റോ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8