കൈയിൽ 2,000 രൂപ നോട്ടുണ്ടോ? ഇനി എട്ട് ദിനങ്ങൾ മാത്രം; ഇപ്പോൾ ഈ കമ്പനികൾ പോലും സ്വീകരിക്കാൻ വിസമ്മതിക്കുന്നു!
ആര്‍ബിഐ നിർദേശിച്ച സമയപരിധി കഴിഞ്ഞാൽ ഇവ ഉപയോഗിക്കാൻ കഴിയില്ല. ഇപ്പോൾ വൻകിട കമ്പനികൾ പോലും ഈ നോട്ടുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബർ മാസം അവസാനിക്കാൻ ഇനി 8 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പല പ്രധാന മാറ്റങ്ങളും ഒക്‌ടോബർ ഒന്ന് മുതൽ ഉണ്ടാകും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറാനും നിക്ഷേപിക്കാനുമുള്ള സമയപരിധി അവസാനിക്കുന്നത്. ഇനിയും 2000 രൂപ നോട്ടുകൾ കയ്യിൽ ഉണ്ടെങ്കിൽ സെപ്റ്റംബർ 30-നകം അവ ബാങ്കിൽ നിക്ഷേപിക്കുക, അല്ലെങ്കിൽ മാറ്റി വാങ്ങുക. കാരണം ആര്‍ബിഐ നിർദേശിച്ച സമയപരിധി കഴിഞ്ഞാൽ ഇവ ഉപയോഗിക്കാൻ കഴിയില്ല. ഇപ്പോൾ വൻകിട കമ്പനികൾ പോലും ഈ നോട്ടുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിരുന്നു. കൂടാതെ വിപണിയിൽ നിലവിലുള്ള ഈ നോട്ടുകൾ ബാങ്കുകൾ വഴി തിരികെ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി സെപ്റ്റംബർ 30 നിശ്ചയിച്ചിട്ടുമുണ്ട്. വിപണിയിലുള്ള മൊത്തം നോട്ടുകളുടെ 93 ശതമാനവും 2023 ഓഗസ്റ്റ് 31-ഓടെ ആർബിഐക്ക് തിരികെ ലഭിച്ചിരുന്നു. എന്നാല്‍ ഏഴ് ശതമാനം നോട്ടുകൾ ഇനിയും ലഭിക്കാനുണ്ട്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ക്യാഷ് ഓൺ ഡെലിവറി ഓപ്‌ഷൻ തിരഞ്ഞെടുത്ത് 2000 രൂപ നൽകാമെന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടാകും. ഈ പ്രതീക്ഷയില്‍ നിങ്ങളും ഈ നോട്ടുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ പണി കിട്ടാനാണ് സാധ്യത. ക്യാഷ് ഓൺ ഡെലിവറിയിൽ ഇതുവരെ 2000 രൂപ നോട്ടുകൾ സ്വീകരിച്ചിരുന്ന പല കമ്പനികളും സമയപരിധി അടുത്തതോടെ 2000 രൂപ സ്വീകരിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭീമൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഉള്‍പ്പെടെ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.
ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ
2000 രൂപ നോട്ടുകൾ തിരിച്ചെത്താൻ 8 ദിവസം മാത്രം ശേഷിക്കെ ഈ ദിവസങ്ങളിൽ പലതും ബാങ്ക് അവധിയാണ് എന്നതാണ് മറ്റൊരു പ്രശ്നം. ഈ അവധി ദിവസങ്ങളിൽ മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾക്കൊപ്പം നോട്ട് കൈമാറ്റവും തടസ്സപ്പെടും. സെപ്‌റ്റംബർ 22 മുതൽ 30 വരെ 7 ബാങ്ക് അവധികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കാം.
ആർബിഐ ബാങ്ക് ഹോളിഡേ ലിസ്റ്റ് പരിശോധിച്ചാൽ, നാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 22 ന് കൊച്ചി, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. അടുത്ത ദിവസം സെപ്റ്റംബർ 23-24 തീയതികളിൽ നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായിരിക്കും. എങ്കിലും, ഈ ബാങ്ക് അവധി ദിവസങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗ് വഴി മറ്റ് ബാങ്കിങ് പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ കഴിയും.
ALSO READ: ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം