കുട്ടികൾക്ക് ബ്ലൂ ആധാർ എടുത്തിട്ടുണ്ടോ; ഉപയോഗം ഇതെല്ലാം
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. പകരം, അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം.
ഇന്ത്യയിലെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. രാജ്യത്ത് സർക്കാർ സബ്‌സിഡികളും സ്കീമുകളും ലഭിക്കുന്നതിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ആധാർ കാർഡ് വേണം. ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗം ഉണ്ട്. എന്താണ് ബ്ലൂ ആധാർ? ആർക്കൊക്കെ ബ്ലൂ ആധാർ വേണം?
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡാണ് ബ്ലൂ ആധാർ. ബാൽ ആധാർ എന്നും പേരുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തൂതാണ് ബ്ലൂ ആധാർ. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടികൾ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.
അതേസമയം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല എന്നതാണ് നീല ആധാറിന്റെ സവിശേഷതകളിലൊന്ന്. പകരം, അവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളുടെ യുഐഡിയുമായി ലിങ്ക് ചെയ്യുകയും വേണം. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ, ബയോമെട്രിക്‌സ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം.
യുഐഡിഎഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കൾക്ക് നവജാതശിശുക്കൾക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ്
* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
* നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
* കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക