അത് രാഷ്ട്രീയ വിമർശനം, അല്ലാതെ മറ്റൊന്നുമല്ല; പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് പിണറായി
സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണ ഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം.
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണ്.
ചേലക്കര പിടിക്കാൻ യുഡിഎഫ് നന്നായി ശ്രമിച്ചില്ലേ?. സർക്കാർ വിലയിരുത്തൽ എന്നല്ലേ യുഡിഎഫ് പറഞ്ഞത്?. എന്നിട്ടു എന്തായി?. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം സകലരെയും അണിനിരത്തിയില്ലേ?. ആകെ നോക്കിയാൽ ജനങ്ങൾ എൽഡിഎഫിന് ഒപ്പം അണിനിരക്കുന്ന എന്നാണ് ഫലം പറയുന്നത്. പാലക്കാട് എൽഡിഎഫ് വോട്ടു വിഹിതം കൂട്ടാൻ കഴിഞ്ഞു. ചേലക്കരയിൽ രമ്യക്ക് ലോക്സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാൽ എൽഡിഎഫിന് വോട്ടു കൂടി. ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. വലിയ തകർച്ച നേരിട്ടത് ബിജെപിക്കാണ്. പാലക്കാട് ബിജെപിയുമായുള്ള വോട്ടു അകലം കുറച്ചു. എൽഡിഎഫിന് ആവേശം പകരുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നും പിണറായി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8