സമ്പന്നര്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ കൈവിടുന്നോ? വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ വന്‍ ഇടിവ്
വളരാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഒരു നിശ്ചിത തുക നിക്ഷേപം ആവശ്യമാണ്. സമ്പന്നരായ നിക്ഷേപകർ തങ്ങളുടെ മൂലധനം ദീർഘകാല വളർച്ചാ കാഴ്ചപ്പാടോടെ ഇത്തരം ബിസിനസുകളിൽ നിക്ഷേപിക്കുന്നു
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തിരിച്ചടിയായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗില്‍ 71.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റ അനലിറ്റിക്സ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗ്ലോബല്‍ ഡേറ്റയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 17.1 (1.41 ലക്ഷം കോടി രൂപ) ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷമിത് വെറും 4.9 ബില്യണ്‍ ഡോളര്‍ (40,000 കോടി രൂപ) മാത്രമാണ്. കഴിഞ്ഞ വര്‍ഷം 1266 സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം വന്നെങ്കില്‍ ഇത്തവണ അത് 734 എണ്ണം മാത്രമാണ്. കുറവ് 42 ശതമാനം.
ALSO READ: ചൂടപ്പം പോലെ വീടുകള്‍ വിറ്റ് രാജ്യത്തെ ഈ എട്ട് നഗരങ്ങള്‍; വില്‍പന ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
സാമ്പത്തിക വെല്ലുവിളികളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിന് വിഘാതമാവുകയാണെന്ന് ഗ്ലോബല്‍ ഡേറ്റ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയത്തില്‍ നിക്ഷേപകര്‍ പുലര്‍ത്തുന്ന അതീവ ജാഗ്രത നിക്ഷേപങ്ങളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നും ഏജന്‍സി പറയുന്നു. ഇത് ഇന്ത്യയിലെ സാഹചര്യം മാത്രമല്ല ആഗോള തലത്തില്‍ തന്നെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ കുറവുണ്ടെന്നും ഗ്ലോബല്‍ ഡേറ്റ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ആഗോള തലത്തില്‍ നടന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ 5.3 ശതമാനം മാത്രമാണ് ഇന്ത്യയിലേക്കെത്തിയത്. നിക്ഷേപത്തിന്‍റെ മൂല്യം കണക്കാക്കിയാല്‍ 3.1 ശതമാനം തുക മാത്രമാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. ഇതില്‍ ഫിസിക്സ് വാലാക്ക് ലഭിച്ച 250 ദശലക്ഷം ഡോളറിന്‍റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ആണ് ഏറ്റവും കൂടുതല്‍. സെപ്റ്റോ, ഫോണ്‍ പേ എന്നിവയ്ക്ക് 200 ദശലക്ഷം ഡോളര്‍ വീതം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ലഭിച്ചു.
ALSO READ: ആപത്തുകാലത്ത് റെസ്റ്റോറന്റുകള്‍ക്ക് സഹായവുമായി സ്വിഗ്ഗി; കോടികളുടെ വായ്‌പ
എന്താണ് 'വെഞ്ച്വർ ക്യാപിറ്റൽ'?
വളരാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഒരു നിശ്ചിത തുക നിക്ഷേപം ആവശ്യമാണ്. സമ്പന്നരായ നിക്ഷേപകർ തങ്ങളുടെ മൂലധനം ദീർഘകാല വളർച്ചാ കാഴ്ചപ്പാടോടെ ഇത്തരം ബിസിനസുകളിൽ നിക്ഷേപിക്കുന്നു. ഈ മൂലധനത്തെ വെഞ്ച്വർ ക്യാപിറ്റൽ എന്നും നിക്ഷേപകരെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ എന്നും വിളിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം