ഐഫോണിലെ ക്യാമറയും ഇന്ത്യയിൽ നിർമിക്കുമോ? ആപ്പിളുമായി ചർച്ച നടത്തുന്നത് ഈ കമ്പനികൾ
ഐഫോണിന്റെ ഉൽപാദനം ഇന്ത്യയിൽ വർധിപ്പിക്കുന്നതിന് തീരുമാനിച്ചതിന് പിന്നാലെ ഐഫോണുകളിൽ ഉപയോഗിക്കുന്ന ക്യാമറ ഘടകങ്ങൾ യോജിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ആപ്പിൾ ഇന്ത്യയിലെ മുരുഗപ്പ ഗ്രൂപ്പുമായും ടൈറ്റനുമായും ചർച്ച നടത്തുകയാണെന്ന് സൂചന.
ആപ്പിൾ പൂർണമായും ചൈനയെ കയ്യൊഴിയുമോ?.. ഐഫോണിന്റെ ഉൽപാദനം ഇന്ത്യയിൽ വർധിപ്പിക്കുന്നതിന് തീരുമാനിച്ചതിന് പിന്നാലെ ഐഫോണുകളിൽ ഉപയോഗിക്കുന്ന ക്യാമറ ഘടകങ്ങൾ യോജിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ആപ്പിൾ ഇന്ത്യയിലെ മുരുഗപ്പ ഗ്രൂപ്പുമായും ടൈറ്റനുമായും ചർച്ച നടത്തുകയാണെന്ന് സൂചന. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ അന്തിമ കരാറിലെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുരുഗപ്പ ഗ്രൂപ്പ് 2022-ൽ നോയിഡ ആസ്ഥാനമായുള്ള ക്യാമറ മൊഡ്യൂൾ നിർമ്മാതാക്കളായ മോഷൈൻ ഇലക്ട്രോണിക്‌സിനെ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പിൾ മുരുഗപ്പ ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ ക്യാമറ മൊഡ്യൂളുകളും ഉപഘടകങ്ങളും യോജിപ്പിക്കാനും നിർമിക്കാനും ഉള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ശ്രമം നടത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
ഒരു ക്യാമറ മൊഡ്യൂളിനുള്ളിലെ ഇമേജ് സെൻസർ ചിപ്പുകൾ ഒരു സ്മാർട്ട്‌ഫോണിന്റെയും ഡിസ്‌പ്ലേയുടെയും ഏറ്റവും ചെലവേറിയ ഘടകമാണ്. ഇമേജ് സെൻസറുകൾക്കായി, ആപ്പിൾ പ്രധാനമായും ആശ്രയിക്കുന്നത് ജപ്പാനിലെ സോണി, കൊറിയയിലെ സാംസങ്, ചൈനയിലെ ഓമ്‌നിവിഷൻ എന്നിവയെയാണ്. ഈ ഇമേജ് സെൻസറുകൾ പ്രത്യേക അർദ്ധചാലകങ്ങളാണ്, മാത്രമല്ല പുതിയ നിർമാതാക്കൾക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതും വളരെ ചെലവേറിയതാണ്. നിലവിൽ ആപ്പിളിന് സ്മാർട്ട്‌ഫോണുകളിലെ ക്യാമറ മൊഡ്യൂൾ നിർമിച്ച് വിതരണം ചെയ്യുന്നതിന് ഇന്ത്യൻ വിതരണക്കാരാരും ഇല്ല. ടൈറ്റൻ അല്ലെങ്കിൽ മുരുഗപ്പ ഗ്രൂപ്പുമായുള്ള പങ്കാളിത്തം ഈ വിടവ് നികത്താൻ സഹായിക്കും. ആപ്പിളും മുരുഗപ്പ ഗ്രൂപ്പും ടൈറ്റനും ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആപ്പിൾ അതിന്റെ വിതരണ ശൃംഖലയുടെ പകുതിയെങ്കിലും ഇന്ത്യയിലേക്ക് മാറ്റാൻ ലക്ഷ്യമിടുകയാണ്.അടുത്ത സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ഏകദേശം 1 ട്രില്യൺ രൂപയുടെ ഐഫോണുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആണ് ആപ്പിൾ ലക്ഷ്യമിടുന്നത്.