'ലേറ്റായാലും ലേറ്റസ്റ്റാകുമോ', മസ്ക് ഇന്ത്യയിലേക്ക്, ടെസ്‌ല വരുമോ കൂടെ
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് തന്റെ ഇന്ത്യാ സന്ദർശനത്തിൽ ടെസ്‌ലയുടെ രാജ്യത്തെ ആദ്യത്തെ നിർമാണ പ്ലാന്റ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട് .
തന്റെ കന്നി ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മസ്‌ക് തന്റെ ഇന്ത്യാ സന്ദർശനത്തിൽ ടെസ്‌ലയുടെ രാജ്യത്തെ ആദ്യത്തെ നിർമാണ പ്ലാന്റ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട് . ഏപ്രിൽ 22 ന് മസ്‌ക് പ്രധാനമന്ത്രി മോദിയെ ഡൽഹിയിൽ വച്ച് കാണുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു
ടെസ്ല വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രാദേശിക ഉൽപ്പാദനത്തിനായി ഇന്ത്യ നിർബന്ധം പിടിക്കുകയാണ് . കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ മസ്‌കും അദ്ദേഹത്തെ കണ്ടിരുന്നു. ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ഉയർന്ന ഇറക്കുമതി നികുതിയെക്കുറിച്ച് മസ്‌ക് പ്രധാനമന്ത്രി മോദിയോട് ആശങ്ക പ്രകടിപ്പിക്കുകയും അത് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ വർഷം പുറത്തിറക്കിയ പുതിയ ഇലക്ട്രിവ് വാഹന നയം അനുസരിച്ച്, ഒരു വിദേശ നിക്ഷേപകൻ ഇന്ത്യയിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചാൽ, ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 100% ൽ നിന്ന് 15% ആയി കുറയും.ഇത് ടെസ്ലക്ക് ഗുണം ചെയ്യും. 24,000 ഡോളർ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കുന്നതിന് താൽപ്പര്യമുണ്ടെന്ന് ടെസ്ല കഴിഞ്ഞ വർഷം ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.
അത്യാധുനിക ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സംസ്ഥാന സർക്കാരുകൾ ടെസ്‌ലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനും കാറുകൾ നിർമ്മിക്കുന്നതിനും മസ്‌ക് ഇന്ത്യയിൽ ഒരു പങ്കാളിയെ തേടുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുകേഷ് അംബാനിയുടെ റിലയൻസുമായി ടെസ്‌ല കൈകോർത്തേക്കുമെന്നും സൂചനകളുണ്ട്.