ബജറ്റ് ഫാഷന്‍ രംഗത്ത് അങ്കം കുറിക്കാൻ ടാറ്റ, പുതിയ ഓണ്‍ലൈന്‍ സ്റ്റോർ തുടങ്ങും
ഇ കോമേഴ്സ് കമ്പനികളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് അജിയോ എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ടാറ്റ ഡിജിറ്റലിന്‍റെ നീക്കം.
ബജറ്റ് ഫാഷന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാകാനൊരുങ്ങി ടാറ്റയും. ടാറ്റയുടെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഡിജിറ്റലിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സ്റ്റോറായ ടാറ്റ ക്ലിക്കിന്‍റെ ഭാഗമായി പ്രത്യേകം ബജറ്റ് ഫാഷന്‍ വിഭാഗം ആരംഭിക്കാനാണ് ആലോചന. ടാറ്റയുടെ ബജറ്റ് ഫാഷന്‍ സ്റ്റോറായ സുഡിയോക്ക് പുറമേയാണ് പുതിയ വിഭാഗം ആരംഭിക്കുന്നത്. സുഡിയോ ഓഫ് ലൈന്‍ സ്റ്റോറായി തന്നെ നില നിര്‍ത്തുന്നതോടൊപ്പം പുതിയതായി തുടങ്ങുന്ന ബജറ്റ് ഫാഷന്‍ വിഭാഗം ഓണ്‍ലൈനായി മാത്രമായായിരിക്കും വില്‍പന നടത്തുക. ഇ കോമേഴ്സ് കമ്പനികളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് അജിയോ എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ടാറ്റ ഡിജിറ്റലിന്‍റെ നീക്കം. വിവിധ ബ്രാന്‍റുകളുമായി ടാറ്റ ക്ലിക്ക് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. ആഗോള ഇ കോമേഴ്സ് ഭീമനായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട്, ആമസോൺ, റിലയൻസ് എന്നിവ ലഭ്യമാക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി മത്സരിക്കുന്നതിന് ടാറ്റ ക്ലിക് അന്താരാഷ്ട്ര, ഇന്ത്യൻ ബ്രാന്റുകളുമായി സഹകരിക്കും.
നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തുന്ന സൂഡിയോ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംരംഭം അതുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7000 കോടി രൂപയാണ് സൂഡിയോയില്‍ നിന്നും ടാറ്റ ഗ്രൂപ്പിന്‍റെ വരുമാനം. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്‌സൈഡിനേക്കാൾ കൂടുതൽ സ്റ്റോറുകൾ ഇപ്പോൾ സൂഡിയോയ്ക്കുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ, വെസ്റ്റ്സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകളാണ് ഉണ്ടായിരുന്നത്. 2016-ൽ പ്രവർത്തനം തുടങ്ങിയ സുഡിയോയ്ക്ക് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകളുണ്ട്.