വ്യോമയാന രംഗത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി, ആറ് വിമാനത്താവളങ്ങൾ കൂടി ലേലം ചെയ്യും
കൊവിഡ് പാക്കേജ് ധനമന്ത്രി അഞ്ച് ഘട്ടങ്ങളായാണ് വിശദീകരിക്കുന്നത്.
ദില്ലി: സിവിൽ ഏവിയേഷൻ രംഗം കൂടുതൽ കാര്യക്ഷമമാകുന്നതിനായി ഇന്ത്യൻ എയർ സ്പേസ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ കൊവിഡ് ഉത്തേജക പാക്കേജിന്റെ ഭാഗമായാണ് ഈ തീരുമാനം. വ്യോമയാന മേഖലയ്ക്ക് പ്രതിവർഷം 1,000 കോടി രൂപയുടെ ആനുകൂല്യം ഇതിലൂടെ ലഭിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങൾ കൂടി ലേലം ചെയ്യുമെന്നും അവർ പറഞ്ഞു. ഒന്നും രണ്ടും റൗണ്ടുകളിൽ ലേലം ചെയ്ത 12 വിമാനത്താവളങ്ങളിലെ സ്വകാര്യ നിക്ഷേപകരിൽ നിന്ന് അധിക നിക്ഷേപമായി 13,000 കോടി രൂപ സമാഹരിക്കുമെന്നും അവർ പറഞ്ഞു.
ഇത് വ്യോമ പാതകളുടെ പരമാവധി വിനിയോഗത്തിന് കാരണമാകുമെന്നും ഇന്ധനച്ചെലവും പറക്കുന്ന സമയവും കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യൻ എയർ സ്പേസിന്റെ 60 ശതമാനം മാത്രമേ സൗജന്യമായി ലഭ്യമായിട്ടൊള്ളു. കൂടുതൽ വ്യോമപാതകൾ വരുന്നതോടെ യാത്രാ സമയം കുറയുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാമെന്നും അവർ പറഞ്ഞു. രാജ്യത്തിന് 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഇത് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം വരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
കൊവിഡ് പാക്കേജ് ധനമന്ത്രി അഞ്ച് ഘട്ടങ്ങളായാണ് വിശദീകരിക്കുന്നത്.