സേവിംഗ് സ്കീമോ എഫ്ഡിയോ: മുതിർന്ന പൗരന്മാർക്ക് അനുയോജ്യമേത്
ബാങ്ക് സ്ഥിരനിക്ഷേപങ്ങളും, കേന്ദ്രസർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യപദ്ധതികളും മുതിർന്ന പൗരൻമാരുടെ ഇഷ്ട ചോയ്സുകളാണ്.
ജോലി ചെയ്തിരുന്ന കാലത്തേതുപോലെ മാസശമ്പളം കിട്ടില്ലെന്നുറപ്പായാൽ കയ്യിലുള്ള പണം സുരക്ഷിതമാക്കണമെന്നതായിരിക്കും ഭൂരിഭാഗത്തിന്റെയും ആഗ്രഹം. മുതിർന്ന പൗരന്മാരാണെങ്കിൽ സുരക്ഷിതത്വമുള്ള, വരുമാനം ഉറപ്പുവരുത്തുന്ന നിക്ഷേപങ്ങൾ അന്വേഷിക്കും. ബാങ്ക് സ്ഥിരനിക്ഷേപങ്ങളും, കേന്ദ്രസർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യപദ്ധതികളും മുതിർന്ന പൗരൻമാരുടെ ഇഷ്ട ചോയ്സുകളാണ്. ബാങ്ക് എഫ്ഡികളിൽ സീനിയർ സിറ്റിസൺസിന് പൊതുവിഭാഗത്തേക്കാൾ .50 ശതമാനം അധികനിരക്ക് ലഭിക്കും. പലിശനിരക്കിന്ററ കാര്യത്തിൽ സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമും ഒട്ടും മോശമല്ല . 2023 ഏപ്രിലിലാണ് സർക്കാർ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ (എസ്‌സിഎസ്എസ്) പലിശ നിരക്ക് വർദ്ധിപ്പിച്ചത്. നിലവിൽ ഇത് 8.2 ശതമാനം എസ്‌സിഎസ്എസ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
എസ്‌സിഎസ്എസ് vs സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റ്:
മുതിർന്ന പൗരന്മാർ സ്ഥിര നിക്ഷേപത്തേക്കാൾ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകൾക്ക് മുൻഗണന നൽകണമെന്നാണ് മിക്ക സാമ്പത്തികവിദഗ്ധരുടെയും അഭിപ്രായം. പ്രധാന. കാരണം ആകർഷകമായ പലിശ നിരക്ക് തന്നെയാണ്. നിലവിൽ ഈ സ്കീമിന് 8.2 ശതമാനം പലിശയുണ്ട്, . മാത്രമല്ല എസ് സിഎസ്എസിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80-സി പ്രകാരം നികുതി ഇളവും ലഭിക്കും.
എസ്‌സിഎസ്എസ് ഉയർന്ന പലിശ നിരക്ക് നൽകുമ്പോൾത്തന്നെയും ചില പരിമിതികളും വിമർശകർ ഉന്നയിക്കുന്നുണ്ട്. കാരണം കൂടുതൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്ക് ഈ സ്കീം അനുയോജ്യമാകില്ല. അതേസമയം, എഫ്‌ഡി ബാങ്കുകൾ കൂടുതൽ അനുയോജ്യമായ കാലാവധികളും, നിക്ഷേപപരിധികളും വാഗ്ദാനം ചെയ്യുന്നുണ്ട്. , എന്നാൽ എസ്സിഎസ് എസ് സ്കീമിന്റെ ത്രൈമാസ പലിശ പേയ്‌മെന്റുകൾ സുവർണ്ണാവസരം തന്നെയുമാണ്. അതുകൊണ്ട് തന്നെ മുതിർന്ന പൗരന്മാർ നിക്ഷേപം തെരഞ്ഞെടുക്കുമ്പോൾ തങ്ങളുടെ ആവശ്യങ്ങളും സാാഹചര്യങ്ങളും മനസിലാക്കി വിവേകപൂർണ്ണമായ തീരുമാനമെടുക്കുന്നതാണുചിതം.
2023 ലെ ബജറ്റിൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ പരമാവധി നിക്ഷേപ പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തിയതിനാൽ 30 ലക്ഷം വരെ തുകയാണ് നിക്ഷേപിക്കാനായി കയ്യിലുള്ളതെങ്കിൽ സുരക്ഷയെക്കുറിച്ച് ആശങ്കകളില്ലാതെ സർക്കാർ പിന്തുണയുള്ള സ്കീം തെരഞ്ഞടുക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം