അംബാനി സഹോദരന്മാർക്കെതിരായ സെബിയുടെ ഉത്തരവ് റദ്ദാക്കി; പിഴയടച്ച 25 കോടി നാലാഴ്ചക്കകം തിരികെ നൽകണം
മുകേഷ്, അനിൽ അംബാനി, ടീന അംബാനി, നിത അംബാനി, ഇഷ അംബാനി, കോകിലാബെൻ അംബാനി എന്നിവരുൾപ്പെടെ റിലയൻസ് ഇൻഡസ്ട്രീസ് ഹോൾഡിംഗിനും അംബാനി കുടുംബത്തിനും സെബി 25 കോടി രൂപ പിഴ ചുമത്തിയിരുന്നു
മുംബൈ: ഏറ്റെടുക്കൽ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അംബാനി സഹോദരന്മാർക്ക് പിഴ ചുമത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഏപ്രിലിലെ ഉത്തരവ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കി. സെബിയുടെ 2021 ഏപ്രിലിലെ ഉത്തരവാണ് അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
നിയമത്തിന്റെ യാതൊരു അധികാരവുമില്ലാതെയാണ് സെബി പിഴ ചുമത്തിയത് എന്നാണ് അപ്പലേറ്റ് ട്രൈബ്യൂണൽ പറയുന്നത്. ജസ്‌റ്റിസ് തരുൺ അഗർവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഉത്തരവ് റദ്ദാക്കിയത്. സെബിയുടെ ഉത്തരവ് റദ്ദാക്കിയ ബെഞ്ച്, നാലാഴ്ചക്കകം 25 കോടി രൂപ തിരികെ നൽകണമെന്ന് സെബിയോട് നിർദേശിച്ചിട്ടുണ്ട്
2021 ഏപ്രിൽ 7ലെ സെബിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അംബാനിയും റിലയൻസ് ഹോൾഡിങ്ങും നൽകിയ അപ്പീലിനെ തുടർന്നാണ് ഉത്തരവ്. അപ്പീൽക്കാർ 2011ലെ സബ്സ്റ്റൻഷ്യൽ അക്ക്വിസിഷൻ ഓഫ് ഷെയേർസ് ആൻഡ് ടേക്ക് ഒവേർസ് റെഗുലേഷൻ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തി. തൽഫലമായി, ഇത് കണക്കിലെടുത്ത്, സെബിയുടെ ഉത്തരവ് നിലനിർത്താൻ കഴിയില്ല, അതിനാൽ റദ്ദാക്കുകയും അപ്പീൽ അനുവദിക്കുകയും ചെയ്യുന്നു എന്ന് അപ്പലേറ്റ് ട്രൈബ്യൂണൽ വ്യക്തമാക്കി
മുകേഷ്, അനിൽ അംബാനി, ടീന അംബാനി, നിത അംബാനി, ഇഷ അംബാനി, കോകിലാബെൻ അംബാനി എന്നിവരുൾപ്പെടെ റിലയൻസ് ഇൻഡസ്ട്രീസ് ഹോൾഡിംഗിനും അംബാനി കുടുംബത്തിനും മാർക്കറ്റ് റെഗുലേറ്റർ 25 കോടി രൂപ സംയുക്ത പിഴ ചുമത്തിയിരുന്നു. സെബിയുടെ ഉത്തരവ് പ്രകാരം റിലയൻസിന്റെ പ്രൊമോട്ടർ 2000-ൽ കമ്പനിയുടെ 5%-ത്തിലധികം ഓഹരികൾ ഏറ്റെടുക്കുന്നത് വെളിപ്പെടുത്തിയിട്ടില്ല. 1994-ൽ നൽകിയ 3 കോടി വാറണ്ടുകൾ മാറ്റിക്കൊണ്ട് 1999 മാർച്ച് മുതൽ 2000 മാർച്ച് വരെ റിലയൻസിന്റെ പ്രൊമോട്ടർമാർ കമ്പനിയുടെ 6.83% ഓഹരികൾ സ്വന്തമാക്കിയതായി പിന്നീട് ആരോപണമുയർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം