മോഡലുകൾ അർദ്ധനഗ്നരായ സംഭവം: സബ്യസാചിയുടെ മംഗൾസൂത്ര പരസ്യം വിമർശനത്തെ തുടർന്ന് പിൻവലിച്ചു
ഇന്നലെ രാത്രി തന്നെ പരസ്യങ്ങൾ സബ്യസാചി പിൻവലിക്കുകയായിരുന്നു. നേരത്തെ ബിജെപിയുടെ നിയമകാര്യ ഉപദേഷ്ടാവ് സബ്യസാചിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു
കൊൽക്കത്ത: സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ ഏറ്റവും പുതിയ മംഗൾസൂത്ര ഡിസൈൻ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കി. മോഡലുകൾ താലിമാലയണിഞ്ഞ് അർദ്ധനഗ്നരായി പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണമായത്. പരസ്യം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര പറഞ്ഞതും ട്വിറ്ററിൽ കടുത്ത വിമർശനം ഉയർന്നതും പരസ്യം പിൻവലിക്കാൻ കാരണമായി.
താലിമാലയുടെ പരസ്യത്തിൽ അർദ്ധനഗ്നരായി മോഡലുകൾ, സബ്യസാചി വിവാദത്തിൽ; പിൻവലിക്കണമെന്ന് മന്ത്രി
ഇന്നലെ രാത്രി തന്നെ പരസ്യങ്ങൾ സബ്യസാചി പിൻവലിക്കുകയായിരുന്നു. നേരത്തെ ബിജെപിയുടെ നിയമകാര്യ ഉപദേഷ്ടാവ് സബ്യസാചിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മംഗൾസൂത്ര പരസ്യം സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വിവാദത്തിൽ വിശദീകരണവുമായി പുറത്തിറക്കിയ സബ്യസാചിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
'ഉൾക്കൊള്ളലിനെയും ശാക്തീകരണത്തെയും കുറിച്ചാണ് പരസ്യത്തിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ചത്. ഇത് ആഘോഷത്തിന്റെ അടയാളമായിരുന്നെങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ വികാരത്തെ നോവിച്ചതിൽ ഞങ്ങൾ കടുത്ത ദു:ഖിതരാണ്. അതിനാൽ പ്രസ്തുത പരസ്യങ്ങൾ പിൻവലിക്കാൻ ഞങ്ങൾ, സബ്യസാചി തീരുമാനിച്ചിരിക്കുന്നു,' - ഗ്രൂപ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികരിച്ചു.
ഇന്റിമേറ്റ് പൊസിഷനുകളിൽ നിന്നുള്ള മോഡലുകളുടെ ഫോട്ടോ പോസിങ് ആണ് കടുത്ത വിമർശനം ഉയരാൻ കാരണം. കറുത്ത ബ്രാ ധരിച്ചാണ് ഒരു ഫോട്ടോയിൽ വനിതാ മോഡൽ പ്രത്യക്ഷപ്പെടുന്നത്. അവർ പുരുഷ മോഡലിനോട് ചേർന്ന് നിന്നെടുത്ത ഫോട്ടോയാണ് വിവാദത്തിന് കാരണമായ പ്രധാന ഫോട്ടോ. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് വിമർശനം. ഈ ലക്ഷ്വറി മംഗൾ സൂത്ര നിർമ്മിച്ചത് ബ്ലാക് ഒണിക്സും പേളും 18 കാരറ്റ് സ്വർണവും ചേർത്താണ്. 165000 രൂപയാണ് മംഗൾസൂത്രയുടെ വില.