ഒരുകാലത്ത് മുകേഷ് അംബാനിയെക്കാൾ സമ്പന്നൻ; അനിൽ അംബാനിക്ക് അടി തെറ്റിയത് എവിടെ?
ഒരുകാലത്ത് മുകേഷ് അംബാനിയെക്കാൾ സമ്പന്നനായിരുന്നു അനിൽ അംബാനി. ധീരുഭായ് അംബാനിയുടെ ഇളയ മകൻ അനിൽ അംബാനിയുടെ പതനത്തിന് പിന്നിലെ കാരണം എന്താണ്?
രാജ്യത്തെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. എന്നാൽ, ഒരുകാലത്ത് മുകേഷ് അംബാനിയെക്കാൾ സമ്പന്നനായിരുന്നു അനിൽ അംബാനി. ഇന്ന് വ്യവസായ ലോകത്ത് ഏറ്റവും വലിയ തകർച്ച അഭിമുഖീകരിക്കുകയാണ് ധീരുഭായ് അംബാനിയുടെ ഇളയ മകൻ. അനിൽ അംബാനിയുടെ പതനത്തിന് പിന്നിലെ കാരണം എന്താണ്?
ധീരുഭായ് അംബാനി കെട്ടിപ്പടുത്ത റിലയൻസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ചെങ്കോൽ മക്കൾക്ക് കൈമാറിയപ്പോൾ മാറിയത് റിലയൻസിന്റെ ചരിത്രം തന്നെയാണ്. ധീരുഭായ് അംബാനിയുടെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, റിലയൻസ് സാമ്രാജ്യം മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അനിൽ നയിക്കുന്ന റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADA) ആയി വിഭജിക്കപ്പെട്ടു. അംബാനി സഹോദരങ്ങൾ തമ്മിലുള്ള കടുത്ത സംഘർഷത്തിന്റെ ഫലമായിരുന്നു ഇത്.
ALSO READ: 'ഇത്രയും വിലയോ ഈ വസ്ത്രത്തിന്!' ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ
ജ്യേഷ്ഠനായ മുകേഷ് അംബാനിക്ക് പാരമ്പര്യ ബിസിനസ്സുകൾ ലഭിച്ചു. അതേസമയം അനിൽ വലിയ പ്രതീക്ഷയോടെ വിപണി സാധ്യതകൾ നോക്കിക്കണ്ടു. 2008 ആയപ്പോഴേക്കും സമ്പത്തിന്റെ കാര്യത്തിൽ അനിൽ അംബാനി തന്റെ സഹോദരനെ പിന്തള്ളി, 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ ധനികനായി.
എന്നാൽ അവിടുന്നങ്ങോട്ട് അനിൽ അംബാനിയുടെ തകർച്ച തുടങ്ങുകയായിരുന്നു. അനിൽ അംബാനിയുടെ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ പലപ്പോഴും ഊഹക്കച്ചവടങ്ങളും തെറ്റായ വിപണി വിശകലനവുമാണ്.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എംടിഎനുമായുള്ള ബിസിനസ് ഇടപാടാണ് ആദ്യത്തെ വലിയ തിരിച്ചടി. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഒരു കാലത്ത് ഇന്ത്യയിലെ മുൻനിര മൊബൈൽ സേവന ദാതാവായിരുന്നു. എന്നാൽ കുതിച്ചുയരുന്ന കടങ്ങൾക്കിടയിൽ അദ്ദേഹത്തിന് എംടിഎനുമായി ലയിക്കേണ്ടിവന്നു. കടഭാരം മറികടന്ന് വലുതും ശക്തവുമായ ഒരു കമ്പനി കെട്ടിപ്പടുക്കുക എന്നതായിരുന്നു ആശയം. എന്നാൽ നിയമപ്രശ്‌നങ്ങള്‍ വലച്ചു.
ALSO READ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ, 60ന്റെ നിറവിൽ നിത അംബാനി, ആസ്തി കേട്ടാൽ ഞെട്ടും
2011-ലെ 2 ജി അഴിമതിയുടെ പശ്ചാത്തലത്തിലാണ് അനിൽ അംബാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന് അടുത്ത വലിയ അടി കിട്ടുന്നത്. ഗൂഢാലോചന ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും അനിൽ അംബാനിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വിഷയം അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വിലയെയും ബാധിച്ചു, ഇതോടെ ആസ്തി കുത്തനെ കുറഞ്ഞു. കടങ്ങൾക്കും അഴിമതികൾക്കും ഇടയിൽ, ചൈനീസ് ബാങ്കുകളിൽ നിന്നുള്ള വ്യക്തിഗത ഗ്യാരണ്ടിയിൽ 1.2 ബില്യൺ ഡോളർ വായ്പയെടുത്ത് അംബാനി മറ്റൊരു ഫണ്ടിംഗ് പുഷ് നടത്തി. എന്നാൽ ഇതും അമ്പേ പരാജയപ്പെട്ടു.
താമസിയാതെ, 2020-ൽ അനിൽ അംബാനി പാപ്പരത്തം പ്രഖ്യാപിക്കുകയും ലണ്ടൻ കേസിൽ ബാങ്കുകൾ സമർപ്പിച്ച കോടതിയിൽ തന്റെ നിക്ഷേപം പൂജ്യമാണെന്ന് പറയുകയും ചെയ്തു. മൂന്ന് ചൈനീസ് ബാങ്കുകളുടെ കുടിശ്ശിക വായ്പയുമായി ബന്ധപ്പെട്ടാണ് കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം