വിളച്ചിലെടുക്കരുത്, മണപ്പുറം ഫിനാൻസിനും ആക്സിസിനും പിഴ; താക്കീത് നൽകി ആർബിഐ

കെവൈസി ചട്ടങ്ങൾ, ലോണുകളും അഡ്വാൻസുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ

RBI imposes 42.78-lakh penalty on Manappuram Finance for questionable auctions

മുംബൈ: സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് ആക്‌സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും സ്വർണ്ണ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാൻസിന് 42.78 ലക്ഷം രൂപയും പിഴ ചുമത്തി റിസർവ് ബാങ്ക്. കെവൈസി ചട്ടങ്ങൾ, ലോണുകളും അഡ്വാൻസുകളും, റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കുകൾ മുഖേനയുള്ള സാമ്പത്തിക സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ്, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പെരുമാറ്റച്ചട്ടം എന്നിവയിലും നിയമലംഘനങ്ങൾ ഉണ്ടായതായി റിസർവ് ബാങ്ക് വ്യക്തമാക്കി. 

ഇടപാടുകാരെ തിരിച്ചറിയുന്നതിനും അവരുടെ വിലാസവുമായി ബന്ധപ്പെട്ട രേഖകൾ  സൂക്ഷിക്കുന്നതിലും ആക്സിസ് ബാങ്ക് പരാജയപ്പെട്ടതായി റിസർവ് ബാങ്ക് അറിയിച്ചു. കൂടാതെ ചില ഉപഭോക്താക്കളുമായി റിക്കവറി ഏജന്റുമാർ നടത്തിയ കോളുകളുടെ ഉള്ളടക്കം സൂക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും  കണ്ടെത്തി.ആക്സിസ് ബാങ്കിനെതിരായ നടപടി ചട്ടങ്ങൾ പാലിക്കുന്നതിലെ പാളിച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ബാങ്കിന്റെ ഇടപാടുകളോ  കരാറുമായോ ബന്ധപ്പെട്ടുള്ളതല്ലെന്നും  റിസർവ് ബാങ്ക്  അറിയിച്ചു.   

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ വ്യവസ്ഥകൾ പാലിക്കാത്തതിനാണ്  മണപ്പുറം ഫിനാൻസിന് 42.78 ലക്ഷം രൂപ പിഴ ചുമത്തിയത്. പണയം വച്ച സ്വർണം ലേലം ചെയ്ത ശേഷം  മിച്ചം ലഭിച്ച തുകയുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാൻസ്  ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആർബിഐ വ്യക്തമാക്കി. ലേലത്തിലൂടെ അധികം ലഭിച്ച തുക  വായ്പ എടുത്തവർക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ മണപ്പുറം ഫിനാൻസ്  വീഴ്ച വരുത്തിയെന്ന് ആർബിഐയുടെ പരിശോധനയിൽ കണ്ടെത്തി
 
കെവൈസി  നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ആനന്ദ് രതി ഗ്ലോബൽ ഫിനാൻസ് ലിമിറ്റഡിന് 20 ലക്ഷം രൂപ പിഴയും ആർബിഐ  ചുമത്തിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios