ബജാജ് ഫിനാന്‍സിന് 'എട്ടിന്റെ പണി'; ഡിജിറ്റല്‍ വായ്പകള്‍ വിലക്കി ആർബിഐ
ബജാജ് ഫിനാന്‍സിൽ നിന്നും വായ്പ എടുത്തിട്ടുണ്ടോ? ഡിജിറ്റൽ വായ്പയ്ക്ക് വിലക്കുമായി ആർബിഐ.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെ വായ്പ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
ആർബിഐയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാൽ പുതിയ വായ്പകളുടെ അനുമതിയും വിതരണവും താൽക്കാലികമായി നിർത്തിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ബിഐ നിർദേശമനുസരിച്ച്, വായ്പാ കരാറുമായി മുന്നോട്ട് പോകുന്നതിനായി ഉപയോക്താവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് നൽകേണ്ടതുണ്ട്. വായ്പയുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക ശതമാനം നിരക്ക്, കാലയളവ്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, പരാതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടാകും. ഇത് തങ്ങളുടെ വായ്പക്കാർക്ക് ആർബിഐ നൽകിയിട്ടില്ല.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ സെൻട്രൽ ബാങ്കിന്റെ ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കടം കൊടുക്കുന്നയാൾ വായ്പയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ചാർജുകളെയും കുറിച്ച് മുൻകൂറായി കടം വാങ്ങുന്നവരെ അറിയിക്കണം. ഇഎംഐ മുടങ്ങുമ്പോൾ വീണ്ടെടുക്കൽ രീതികൾ എങ്ങനെയെന്ന് വിശദീകരിക്കുകയും വേണം. ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയ്ക്കായി ഈ കാര്യങ്ങൾ ബജാജ് ഫിനാൻസ് നൽകിയിട്ടില്ല.
ഡിജിറ്റൽ വായ്പകളുമായി ബന്ധപ്പെട്ട ചാർജുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്തത് ഉൾപ്പടെ അന്യായമായ ഡിജിറ്റൽ വായ്പാ രീതികളെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
ആർബിഐയുടെ വിലക്കിനെ തുടർന്ന് പുതിയ വായ്പകളുടെ അനുമതിയും വിതരണവും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ബജാജ് ഫിനാൻസ് അറിയിച്ചു. വിലക്ക് മൂലം കമ്പനിയുടെ വളർച്ചാ ലാഭത്തിൽ കുറവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്