വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി; 20 ബാങ്കുകൾക്ക് നിർദേശം നല്‍കി ആർബിഐ
വിദേശ ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. ഇത് വഴി ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും.
ദില്ലി: ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സഗമമാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി 22 രാജ്യങ്ങളിൽ നിന്നുള്ള വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി ആർബിഐ. രാജ്യത്ത് പ്രവർത്തിക്കുന്ന 20 ബാങ്കുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്‌പോണ്ടന്റ് ബാങ്കിന്റെ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാകും.
ജൂലൈ 15ന് ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായി വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് ലോകസഭയിൽ പറഞ്ഞു. ഇത് കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും അവരുടെ ആഭ്യന്തര കറൻസി ഉപയോഗിച്ച് വ്യാപാരം നടത്താൻ സഹായിക്കും.
ALSO READ: അംബാനി സഹോദരന്മാർക്കെതിരായ സെബിയുടെ ഉത്തരവ് റദ്ദാക്കി; പിഴയടച്ച 25 കോടി നാലാഴ്ചക്കകം തിരികെ നൽകണം
ബംഗ്ലാദേശ്, ബെലാറസ്, ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുകെ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുടെ എസ്ആർവിഎകൾ തുറക്കാൻ ജൂലൈ 23 വരെ ഇന്ത്യയിലെ 20 ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ വിദേശ വ്യാപാരനയത്തെ അടിസ്ഥാനമാക്കി, വിദേശ ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്‌ട്രോ അക്കൗണ്ട്. ഇത് വഴി ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. കൂടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഒരു ആഭ്യന്തര ബാങ്ക്, വിദേശ ബാങ്കിനായി സ്വന്തം കറൻസിയിൽ പേയ്‌മെന്റ് നടത്തുന്ന രീതിയാണ് വോസ്‌ട്രോ. അക്കൗണ്ട് വഴി ഇന്ത്യൻ കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ വ്യാപാരം മെച്ചപ്പെട്ടതാക്കാൻ 2022 ജൂലായിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വോസ്‌ട്രോ അക്കൗണ്ടുകൾക്ക് തുടക്കമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം