ബര്‍ഗര്‍ കിംഗിനെ തറപറ്റിച്ച് ദേസി ബര്‍ഗര്‍ കിംഗ്; 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിജയം
റെസ്റ്റോറന്‍റിനെ ബര്‍ഗര്‍ കിംഗ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ തങ്ങളുടെ ബ്രാന്‍റിന്‍റെ സല്‍പേരിന് കളങ്കം വരുത്തി എന്ന് ആരോപിച്ച് 20 ലക്ഷം രൂപ നഷ്ടപരിഹാരവും യുഎസിലെ ബര്‍ഗര്‍ കിംഗ് ആവശ്യപ്പെട്ടു.
ആഗോള ഫാസ്റ്റ്ഫുഡ് ഭീമനായ ബര്‍ഗര്‍ കിംഗിനെ കേസ് നടത്തി തറപറ്റിച്ചിരിക്കുയാണ് മഹാരാഷ്ട്രയിലെ പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ദേസി ബര്‍ഗര്‍ കിംഗ്. അതും 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍. തര്‍ക്ക വിഷയം പേര് തന്നെ. പുനെയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റായ ബര്‍ഗര്‍ കിംഗിനെതിരെ യുഎസ് കമ്പനിയായ ബര്‍ഗര്‍ കിംഗ് കേസ് കൊടുക്കുകയായിരുന്നു. തങ്ങളുടെ വ്യാപാര മുദ്രയുടെ ലംഘനമാണ് പൂനെയിലെ ബര്‍ഗര്‍ കിംഗിന്‍റേത് എന്ന് ആരോപിച്ചായിരുന്നു കേസ് ഫയല്‍ ചെയ്തത്.
2011ലാണ് പൂനെയിലെ ബര്‍ഗര്‍ കിംഗിന്‍റെ ഉടമകളായ അനാഹിതയ്ക്കും ഷാപൂര്‍ ഇറാനിക്കുമെതിരെ ബര്‍ഗര്‍ കിംഗ് കോടതിയെ സമീപിക്കുന്നത്. റെസ്റ്റോറന്‍റിനെ ബര്‍ഗര്‍ കിംഗ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ തങ്ങളുടെ ബ്രാന്‍റിന്‍റെ സല്‍പേരിന് കളങ്കം വരുത്തി എന്ന് ആരോപിച്ച് 20 ലക്ഷം രൂപ നഷ്ടപരിഹാരവും യുഎസിലെ ബര്‍ഗര്‍ കിംഗ് ആവശ്യപ്പെട്ടു.
പക്ഷെ 1992 മുതല്‍ തങ്ങള്‍ പൂനെയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് തെളിവുമായാണ് ഇറാനി കുടുംബം കോടതിയിലെത്തിയത്. ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷൻ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് 2014ലും. ഇക്കാര്യം ചൂണ്ടിക്കാട്ടി പൂനെയിലെ ബര്‍ഗര്‍ കിംഗിനെതിരെ നടപടിയെടുക്കാന്‍ കോടതി വിസ്സമതിച്ചു. അത് മാത്രമല്ല പൂനെയിലെ ബര്‍ഗര്‍ കിംഗ് കാരണം എന്ത് ദോഷമാണ് യുഎസിലെ ബര്‍ഗര്‍ കിംഗ് ബ്രാന്‍റിന് ഇന്ത്യയില്‍ സംഭവിച്ചതെന്ന് തെളിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. തങ്ങളെപ്പോലുള്ള നിയമാനുസൃതമായ ബിസിനസ്സ് നടത്തിപ്പുകാരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ കേസ് ഫയൽ ചെയ്തതെന്ന് മറുപടിയായി അനാഹിതയും ഷാപൂര്‍ ഇറാനിയും വാദിച്ചു. പേരിനപ്പുറം തങ്ങളുടെ റെസ്റ്റോറന്റും ആഗോള ഫാസ്റ്റ് ഫുഡ് ശൃംഖലയും തമ്മിൽ സാമ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.