ചെക്ക് നൽകുന്നതിന് മുൻപ് ശ്രദ്ധിക്കുക; നിയമത്തിൽ മാറ്റം വരുത്തി ഈ ബാങ്ക്
ചെക്ക് പേയ്‌മെന്റുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി ഈ പൊതുമേഖലാ ബാങ്ക്. പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കിയ ഇടപാട് തുക അറിയാം
ദില്ലി: ചെക്ക് ഇടപാടുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്ക് പേയ്‌മെന്റുകളുടെ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. മാത്രമല്ല ഈ തുകയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്.
2023 ഏപ്രിൽ 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ചെക്ക് ഇടപടികളിലെ തട്ടിപ്പ് തടയുക എന്നുള്ളതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. നേരത്തെ, 10 ലക്ഷം രൂപയോ അതിൽ കൂടുതലോയുള്ള തുകയ്ക്ക് മാത്രമാണ് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) നിർബന്ധമാക്കിയിരുന്നത്.
എന്താണ് പോസിറ്റീവ് പേ സിസ്റ്റം?
ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ചെക്കുകൾ നൽകുമ്പോൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് ആൽഫ കോഡ്, ഇഷ്യു തീയതി, തുക, ചെക്ക് ആർക്കാണോ നൽകുന്നത് അവരുടെ പേര് എന്നിവയുൾപ്പെടെയുള്ള അവശ്യ വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കണമെന്ന് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു, അത്തരം ചെക്ക് ഇടപാടുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകൾക്കെതിരെ സുരക്ഷിതത്വം ഒരുക്കാൻ ഇത് സഹായിക്കുന്നു.
പോസിറ്റീവ് പേ സൗകര്യം എങ്ങനെ ഉപയോഗിക്കാം?
ബ്രാഞ്ച് ഓഫീസ്, വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ എസ്എംഎസ് ബാങ്കിംഗ് എന്നിവ വഴി ചെക്ക് വിശദാംശങ്ങൾ നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് പോസിറ്റീവ് പേ സൗകര്യം ഉപയോഗിക്കാനാകും. വർദ്ധിച്ചു വരുന്ന ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകൾ ഇല്ലാതാക്കി ഇടപാടുകൾ സുരക്ഷിതമാക്കാനാണ് ബാങ്ക് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. പോസിറ്റീവ് പേ സിസ്റ്റം ഇതിനായി ഉപഭോക്താക്കളെ സഹായിക്കുന്നു