മുതിർന്ന പൗരന്മാർ ആദായനികുതി അടയ്‌ക്കേണ്ടേ? അബദ്ധം കാണിക്കരുത്, വാസ്തവം ഇതാണ്...
മുതിർന്ന പൗരന്മാർക്ക് ആദായ നികുതി നൽകേണ്ട എന്നുള്ള വാർത്ത പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആദായ നികുതിയുമായി സംബന്ധിച്ചുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മുതിർന്ന പൗരന്മാർക്ക് ആദായ നികുതി നൽകേണ്ട എന്നുള്ള വാർത്ത പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം ജനങ്ങൾക്ക് നികുതി നൽകുന്നതിൽ നിന്ന് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ വാസ്തവത്തിൽ അത് ഇങ്ങനെ തന്നെയാണോ? അല്ല ഇത് തീർത്തും വ്യാജമായ വാർത്തയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം ഇങ്ങനെയാണ്, 'ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനാൽ, 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ഇനി നികുതി നൽകേണ്ടതില്ല' എന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രസ്താവനയിൽ പറയുന്നു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. പിഐബി നടത്തിയ അന്വേഷണത്തിൽ ഈ സന്ദേശം വ്യാജമാണ് എന്നും ആദായ നികുതി നിയമങ്ങൾക്ക് അനുസൃതമായി രാജ്യത്തെ പൗരന്മാർ ആദായ നികുതി നൽകണമെന്നും പിഐബി വ്യക്തമാക്കി.
അതേസമയം, പെൻഷനിൽ നിന്നും പലിശയിൽ നിന്നുമുള്ള വരുമാനം മാത്രമുള്ള 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരെ ഐടിആർ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പിഐബി കുറിപ്പിൽ പറയുന്നു. കൂടാതെ, ഏതെങ്കിലും നികുതി ബാധകമാണെങ്കിൽ, വരുമാനവും യോഗ്യമായ കിഴിവുകളും കണക്കാക്കിയ ശേഷം നിയുക്ത ബാങ്ക് അത് കുറയ്ക്കുമെന്നും പിഐബി വ്യക്തമാക്കിയിട്ടുണ്ട്.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു മുതിർന്ന പൗരൻ, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസ്, ആദായ നികുതി വർഷത്തിൽ നേടിയ മൊത്ത വരുമാനം അടിസ്ഥാന ഇളവ് പരിധിയായ മൂന്ന് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.