പേഴ്സണൽ ലോണ്‍ പെട്ടന്ന് ലഭിക്കും, ഈ തെറ്റുകൾ വരുത്താതിരുന്നാൽ മാത്രം
പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ, വായ്പയെടുക്കുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം
വിവാഹം, വിദ്യാഭ്യാസച്ചെലവ്, വീട് പുതുക്കിപ്പണിയൽ തുടങ്ങി പലവിധ ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ വ്യക്തിഗത വായ്പാകളെയാണ് കൂടുതൽ പേരും ആശ്രയിക്കാറുള്ളത്. അതേസമയം, വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, വായ്പ എടുക്കുന്നവർ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട് കാരണം അപേക്ഷ നൽകുമ്പോൾ തെറ്റുകൾ ഉണ്ടായാൽ അപേക്ഷ നിരസിക്കാൻ ഇടയാക്കും. ലോൺ അപേക്ഷ നിരസിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കാം.പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ, വായ്പയെടുക്കുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം
ക്രെഡിറ്റ് സ്കോർ പരിശോധിക്കണം: വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വായ്പയെടുക്കുന്നവർ ചെയ്യുന്ന ഒരു പ്രധാന തെറ്റ് അവരവരുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാതിരിക്കുന്നതാണ്. ക്രെഡിറ്റ് സ്കോർ ഒരു വ്യക്തിയുടെ സാമ്പത്തികസ്ഥിതിയുടെ അളവുകോലാണ്. അതിനാൽ വായ്പാ ലഭ്യമാകാനുള്ള സാധ്യതകൾ മനസിലാക്കാൻ ക്രെഡിറ്റ് സ്കോർ വിലയിരുത്തേണ്ടത് പ്രധാനമാണ്.
ഗവേഷണം നടത്താം; ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കുകൾ, പലിശനിരക്കുകൾ, വായ്പാ സംബന്ധമായ ഫീസുകൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ വായ്പാതുക ലഭിക്കുന്നതിനായി എപ്പോഴും മികച്ച ഡീലിനായി നോക്കുകയും പലിശ നിരക്കുകൾ, ഫീസ്, ലോൺ നിബന്ധനകളും വ്യവസ്ഥകളും എന്നിവ താരതമ്യം ചെയ്യുകയും വേണം.
നിബന്ധനകളും വ്യവസ്ഥകളും അറിയാം: കടം വാങ്ങുന്നവർ പലപ്പോഴും വായ്പാ കരാർ ഒപ്പിടുന്നതിന് മുമ്പ് , കരാർ പൂർണ്ണമായി വായിക്കാറില്ലെന്നതാണ് മറ്റൊരു തെറ്റ്. ഇത് ഭാവിയിൽ പലവിധ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കുമിടയാക്കും. ഫീസ്, നിരക്കുകൾ, പിഴകൾ, തിരിച്ചടവ് നിയമങ്ങൾ, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
വിവരങ്ങൾ മറച്ചുവെക്കരുത് : വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വിവരങ്ങൾ ഒളിച്ചുവെയ്ക്കുന്നതും, പറയാൻ മടിക്കുന്നതും, വായ്പയെടുക്കുന്നവർ ഒഴിവാക്കേണ്ട ഒരു തെറ്റാണ്. നിലവിലുള്ള ഏതെങ്കിലും ലോണുകളെക്കുറിച്ചോ ഇഎംഐകളെക്കുറിച്ചോ വായ്പാദാതാവ് അറിഞ്ഞിരിക്കണം.
ബജറ്റ് തയ്യാറാക്കാം : വായ്പയെടുക്കും മുൻപ് തുക നിർണ്ണയിക്കേണ്ടത് പ്രധാനമാണ്. ആവശ്യമുള്ളതിനേക്കാൾ ഉയർന്ന തുക ഒരിക്കലും എടുക്കരുത്. . വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇഎംഐകളെക്കുറിച്ചും, പ്രതിമാസ ബജറ്റിനെക്കുറിച്ചും പ്ലാൻ ചെയ്യുക.