ആധാർ പാനുമായി ലിങ്ക് ചെയ്തില്ലേ? പിഴയിൽ നിന്നും രക്ഷപ്പെടാം, ഈ അവസരം പാഴാക്കരുത്
2023 ജൂൺ 30-നകം പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയിൽ ആദായനികുതി വകുപ്പ് ഇളവ് നൽകി.
ഇതുവരെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലേ?... എങ്കിൽ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയാണ് ആദായ നികുതി വകുപ്പ്. ഇത് പ്രകാരം 2023 ജൂൺ 30-നകം പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയിൽ ആദായനികുതി വകുപ്പ് ഇളവ് നൽകി. മേയ് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചാൽ ടിഡിഎസ് കൂടുതൽ ഈടാക്കുന്ന തരത്തിലുള്ള നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നികുതിദായകൻ തൻ്റെ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിക്കേണ്ടതുണ്ട്.
പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
പാൻ കാർഡ് അസാധുവാക്കപ്പെടും. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പാൻ കാർഡ് സാധുവായിരിക്കില്ല എന്നാണ് ഇതിനർത്ഥം. പാൻ പ്രവർത്തനരഹിതമാകുകയാണെങ്കിൽ, നികുതി റീഫണ്ടും അതിൻ്റെ പലിശയും ലഭിക്കില്ല. ഉയർന്ന നിരക്കിൽ ടി.ഡി.എസ് ഈടാക്കുകയും ചെയ്യും. നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഇടപാട് നടത്തുമ്പോൾ ബാധകമായതിൻ്റെ ഇരട്ടി നിരക്കിൽ ടിഡിഎസ് നൽകേണ്ടിവരും. ഉദാഹരണത്തിന് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഹൗസ് റെന്റ് അലവൻസിനുള്ള ടി ഡി എസ് 20 ശതമാനം നൽകേണ്ടി വരും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:
ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് incometaxindiaefiling.gov.in സന്ദർശിക്കുക.
'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിലെ 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി 'വാലിഡേറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാർ കാർഡ് അനുസരിച്ച് നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകി 'ലിങ്ക് ആധാർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകി വാലിഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക