ഓണത്തിന് മലയാളികള്‍ക്ക് 'എട്ടിന്‍റെ പണി' കിട്ടുമോ? തക്കാളിക്ക് പിന്നാലെ ഉള്ളിവിലയും കുതിക്കുമെന്ന് റിപ്പോർട്ട്
ഉള്ളിയുടെ വിതരണത്തിലെയും ആവശ്യകതയിലെയും അസന്തുലിതാവസ്ഥ ഓഗസ്റ്റ് അവസാനത്തോടെ വിപണി വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
തക്കാളിക്ക് പിന്നാലെ വരും ദിവസങ്ങളിൽ രാജ്യത്ത് ഉള്ളി വിലയും കൂടുമെന്ന് റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ മാർക്കറ്റ് ഇന്‍റലിജൻസ് ആൻഡ് അനലിറ്റിക്‌സിന്‍റെ റിപ്പോർട്ട് പ്രകാരം ഉള്ളി വില ഓഗസ്റ്റ് അവസാനത്തോടെ കിലോയ്ക്ക് 70 രൂപ വരെ ഉയരും. വിതരണത്തിലുണ്ടാകുന്ന കുറവ് മൂലം ചില്ലറ വിപണിയിൽ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.
ഉള്ളിയുടെ വിതരണത്തിലെയും ആവശ്യകതയിലെയും അസന്തുലിതാവസ്ഥ ഓഗസ്റ്റ് അവസാനത്തോടെ വിപണി വിലയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ സെപ്റ്റംബർ ആദ്യവാരം മുതൽ ചില്ലറ വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്നും കിലോയ്ക്ക് 70 രൂപ വരെ എത്തുമെന്നും വിപണി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഉള്ളി വില 2020 ലെ കൂടിയ നിരക്കിലെത്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ വിൽപ്പന കൂടിയ തോതിലായിരുന്നു. ഈ വർഷം ജനുവരി - മെയ് കാലയളവിൽ, ഉള്ളി വില കുത്തനെ കുറഞ്ഞതോടെ വ്യാപാരികൾ ഉള്ളി വില കുറച്ച് കൂടുതലായി വിറ്റഴിച്ചിരുന്നു. ഇതും സ്റ്റോക്ക് കുറയാൻ കാരണമായി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മഴ വളരെ നിർണായകമാണ്. മഴ വിളവെടുപ്പിനെ ബാധിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും.
ഇതു വരും മാസങ്ങളിലെ വിതരണത്തെയും പ്രതികൂലമായി ബാധിക്കും അതേസമയം ഉത്സവ മാസങ്ങളായ ഒക്‌ടോബർ - ഡിസംബർ മാസങ്ങലിൽ വില വ്യതിയാനം സ്ഥിരത കൈവരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തക്കാളി വില വീണ്ടും ദില്ലിയിൽ 250ൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഉള്ളി വിലയും കൂടുമെന്ന വാർത്ത വരുന്നത്. തക്കാളിക്കും ഉള്ളിക്കും വില കുതിച്ചുയർന്നാൽ ഓണവിപണിയിൽ പൊന്നുംവിലകൊടുത്ത് പച്ചക്കറി വാങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് മലയാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം