ഇത് പൊളിക്കും! സെൻട്രലൈസ്‌ഡ്‌ എസി, ഡിജെ ബൂത്തുകൾ, ഓപ്പൺ ബാത്ത്; കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക റെഡി

ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്‌ളാസിക് ഇംപീരിയലിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും

Nitin Gadkari flags off luxury cruise vessel Classic Imperial in Kerala ppp

കൊച്ചി: കേരളത്തിലെ ആഡംബര യാത്രാ നൗക  'ക്‌ളാസിക് ഇംപീരിയൽ' കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ക്രൂയിസ് ടൂറിസത്തിനു രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ അനന്തസാധ്യതകളാണുള്ളതെന്നു അദ്ദേഹം പറഞ്ഞതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. നദികൾ ജലപാതകളാക്കാൻ തീരുമാനം കൈക്കൊണ്ടിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. നൗകകളുടെ നിർമ്മാണത്തിന് ബാങ്കിംഗ് മേഖലയുടെ കൂടുതൽ പിന്തുണ ലഭ്യമാക്കാൻ ഗൗരവമായി ഇടപെടും.

ഏറെ ശ്രദ്ധേയവും മനോഹരവുമായ  'ക്‌ളാസിക് ഇംപീരിയൽ' സംരംഭം പ്രൊഫഷണൽ മികവും നൂതനത്വവും മാത്രമല്ല സംരംഭകന്റെ നിശ്ചയദാർഢ്യവും ആത്മസമർപ്പണവും പ്രതിഫലിപ്പിക്കുന്നതാണ്. നൗക യാഥാർത്ഥ്യമാക്കിയ സംരംഭകൻ നിഷിജിത്ത് കെ ജോണിന്റെ വിജയഗാഥ പ്രചോദനാത്മകമാണ്. നിഷിജിത്തിനെ  മുക്തകണ്‌ഠം പ്രശംസിക്കുന്നതായും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നൗക നിർമ്മാണ സംരംഭങ്ങളിലേക്ക് നിഷിജിത്തിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തതായി സംഘാടകര്‍ അറിയിച്ചു. അതേസമയം  ആഡംബര യാത്രാ നൗക കേരളത്തിലെ ഏറ്റവും വലുതാണെന്നും വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. 

കൊച്ചി മറൈൻ ഡ്രൈവ് നിയോ ക്‌ളാസിക് ബോട്ട് ജെട്ടിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിശിഷ്‌ടാതിഥികൾ ഭദ്രദീപം കൊളുത്തി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ്, കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ്, നടൻ ടിനി ടോം, കെ ബി രാജൻ, ക്‌ളാസിക് ഇംപീരിയൽ നിർമ്മിച്ച നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷിജിത്ത് കെ ജോൺ എന്നിവർ സംസാരിച്ചു.  ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു മറ്റു ജനപ്രതിനിധികളും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
 
'ക്‌ളാസിക് ഇംപീരിയൽ' ഒരുക്കുന്നത് സമാനതകളില്ലാത്ത ഉല്ലാസയാത്ര

കൊച്ചി: 'ക്‌ളാസിക് ഇംപീരിയൽ' ഉദ്ഘാടനം ചെയ്‌തതോടെ ഒരുങ്ങിയത് ആഡംബര സൗകര്യങ്ങളുടെ അകമ്പടിയിൽ കായലോളങ്ങളിലൂടെ കടൽപ്പരപ്പിലേക്ക് സമാനതകളില്ലാത്ത ഉല്ലാസയാത്ര. കേരളത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്‌ളാസിക് ഇംപീരിയലിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും. ഐ ആർ എസ് (ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ്) സുരക്ഷാ നിബന്ധനകൾ പാലിച്ച് സർട്ടിഫിക്കേഷനോടെ 50 മീറ്റർ നീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട് നൗകയ്ക്ക്. വിവാഹ ചടങ്ങുകൾ മുതൽ കമ്പനി കോൺഫറൻസുകൾക്ക് വരെ ഉപകാരപ്പെടുന്ന വിധമാണ് ഇംപീരിയൽ ക്‌ളാസിക്കിന്റെ രൂപകൽപന. സെൻട്രലൈസ്‌ഡ്‌ എസി, ഡിജെ ബൂത്തുകൾ, ഓപ്പൺ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡൈനിങ് ഏരിയ, വിശാല ഹാൾ, ഗ്രീൻ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഉൾക്കൊളിച്ചിരിക്കുന്നു.  

നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ വല്ലാർപാടം സ്വദേശി നിഷിജിത്ത് കെ ജോൺ സ്വന്തം നിലയ്ക്ക് സാക്ഷാത്കരിച്ച ‘ക്ലാസിക് ഇംപീരിയൽ’ നൗകയുടെ നിർമ്മാണം 2020 മാർച്ചിലാണ് ആരംഭിച്ചത്. വാടകയ്ക്കെടുത്ത ബോട്ടുമായി കായൽ ടൂറിസം രംഗത്തിറങ്ങിയ നിഷിജിത്ത് രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കെടുത്താണു നിർമാണകേന്ദ്രം ഒരുക്കിയത്. കൊവിഡ് കാലം നിർമ്മാണത്തിൽ മന്ദഗതിക്ക് കാരണമായി. യാർഡുകളിൽ നൗകയുടെ നിർമ്മാണത്തിന് വൻതുക വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നിഷിജിത്ത് സ്വന്തം നിലയ്ക്ക് നിർമ്മാണ സംരംഭത്തിന് തുനിഞ്ഞത്. വിനോദസഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും സംരംഭമെന്നു നിഷിജിത്ത് കെ ജോൺ പറഞ്ഞു.

റാംപിലെ ചുവടുകൾ, ചോദ്യോത്തര സെഷൻ; ലുലു ബ്യൂട്ടി ക്വീനായി മിസ് തമിഴ്നാട്, സല്‍മാന്‍ ദൗലത്ത് മാന്‍ ഓഫ് ദി ഇയർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios