നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരി; വമ്പൻ സമ്മാനവുമായി നാരായണ മൂർത്തി
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാകും ഏകാഗ്ര രോഹൻ മൂർത്തി
രാജ്യത്തെ അതിസമ്പന്നർ മക്കൾക്കും പേരകുട്ടികൾക്കുമെല്ലാം സമ്മാനം നൽകുന്നത് ചിലപ്പോൾ വാർത്തയാകാറുണ്ട്. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഇൻഫോസിസിൻ്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി തൻ്റെ നാല് മാസം പ്രായമുള്ള ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് നൽകിയ സമ്മാനമാണ്. ഇൻഫോസിസിൻ്റെ 240 കോടി രൂപയുടെ ഓഹരികൾ ആണ് സമ്മാനമായി നൽകിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാകും ഏകാഗ്ര രോഹൻ മൂർത്തി
എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക സേവന കമ്പനിയിൽ ഏകാഗ്ര രോഹൻ മൂർത്തിക്ക് 15,00,000 ഓഹരികൾ അല്ലെങ്കിൽ 0.04 ശതമാനം ഓഹരിയുണ്ട്. ഇതിനെത്തുടർന്ന്, ഇൻഫോസിസിലെ നാരായണമൂർത്തിയുടെ ഓഹരി 0.40 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി കുറഞ്ഞു.
നവംബറിൽ മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്ണനും കുഞ്ഞ് പിറന്നിരുന്നു. നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയ്ക്കും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനും രണ്ട് പെൺമക്കളുണ്ട്. നാരായണ മൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര രോഹൻ മൂർത്തി.