മുകേഷ് അംബാനിക്ക് 16,386 കോടി വായ്പ വേണം; കാരണം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ, 7 .35 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചിരിക്കുന്നു. കാരണം അറിയാം
ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2 ബില്യൺ ഡോളർ വായ്പയെടുക്കാൻ ഒരുങ്ങുന്നു. അതായത് ഏകദേശം 16,386 കോടി രൂപ. ബിസിനസ് വിപുലീകരിക്കുന്നതിനാണ് കമ്പനി ഈ വായ്പ തേടുന്നത് എന്നാണ് റിപ്പോർട്ട്. 7,35,000 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമാണ്.
ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയുമായി കമ്പനി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വായ്പ തുക മൂലധന ചെലവുകൾക്കായി ഉപയോഗിക്കുന്നതോടൊപ്പം മറ്റ് വായ്പകൾ റീഫിനാൻസ് ചെയ്യാനും ഇത് ഉപയോഗിക്കും
മുകേഷ് അംബാനി കഴിഞ്ഞ 10 വർഷമായി ബിസിനസ് വലിയ തോതിൽ വിപുലീകരിക്കുന്നുണ്ട്. ജിയോയും റിലയൻസ് റീട്ടെയ്‌ലും ആരംഭിച്ചു, അവ വൻ വിജയമായതോടെ ക്രൂഡ് ഓയിൽ ശുദ്ധീകരണം ഉൾപ്പെടെയുള്ള ബിസിനസിലേക്ക് അദ്ദേഹം ഇറങ്ങി. ആകാശ് അംബാനി ജിയോ നയിക്കുമ്പോൾ റിലയൻസ് റീട്ടെയ്ൽ നയിക്കുന്നത് ഇഷ അംബാനിയാണ്. അനന്ത് അംബാനിയാണ് കമ്പനിയുടെ പുതിയ ഊർജ്ജ വിഭാഗത്തിന്റെ തലവൻ.
2020ൽ മുകേഷ് അംബാനി കമ്പനിയെ കടരഹിതമായി പ്രഖ്യാപിച്ചിരുന്നു. ടെലികോം, റീട്ടെയിൽ മേഖലകളിലെ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് അടുത്തിടെ പണം സമാഹരിച്ചത്. പുതിയ ഊർജ്ജ ബിസിനസിൽ അടുത്ത 15 വർഷത്തിനുള്ളിൽ 75 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 3 ബില്യൺ ഡോളറിന് ഐപിഎൽ സ്ട്രീമിംഗ് അവകാശവും അവർ നേടിയിട്ടുണ്ട്.