നാല് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി
- ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്ത്യ സ്റ്റാക്ക്, എഐ, സ്കില്ലിങ് & സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍
- സാങ്കേതിക വിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നത് ഏതാനും രാജ്യങ്ങളും കമ്പനികളും മാത്രം ചേര്‍ന്നാവാന്‍ പാടില്ലെന്നും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളണമെന്നും രാജീവ് ചന്ദ്രശേഖര്‍
- ഇന്ത്യ സ്റ്റാക്ക് പൗരന്മാരുടെ ജീവിതം പരിവര്‍ത്തിപ്പിച്ചു. ഒപ്പം സര്‍ക്കാറിനും ഡിജിറ്റല്‍ സമൂഹത്തിനും ഇടയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
- സമ്പദ് വ്യവസ്ഥയും ഭരണനിര്‍വഹണവും ഡിജിറ്റൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ലോക രാജ്യങ്ങള്‍ക്കും ഇന്ത്യ സ്റ്റാക്ക് വാഗ്ദാനം ചെയ്യുകയാണ് ഇന്ത്യയെന്നും മന്ത്രി
ബംഗളുരു: ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉഭയകക്ഷി ചര്‍ച്ച നടത്തി. ജി20 ഡിജിറ്റല്‍ ഇക്കണോമി വര്‍ക്കിങ് ഗ്രൂപ്പിന്റെ നാലാം യോഗത്തിലായിരുന്നു കൂടിക്കാഴ്ച.
ബംഗ്ലാദേശ് ഐ.സി.ടി സഹമന്ത്രി സുനൈദ് അഹ്‍മദ് പലകുമായുള്ള രാജീവ് ചന്ദ്രശേഖറിന്റെ കൂടിക്കാഴ്ചയില്‍ ഇന്ത്യ സ്റ്റാക്ക്, സൈബര്‍ സുരക്ഷ, സ്കില്ലിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സഹകരണമാണ് പ്രധാനമായും ചര്‍ച്ചയായത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം ദക്ഷിണേഷ്യയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ മാറ്റിയെഴുതുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു.
ഫ്രാന്‍സിലെ ഡിജിറ്റല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ അംബാസഡര്‍ ഹെന്‍ട്രി വെര്‍ഡിയറുമായും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പൗരന്മാരുടെ ജീവിതം പരിവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നുള്ള വിഷയത്തിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. എഐ രംഗത്ത് ഇന്ത്യ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഭരണസംവിധാനവും സമ്പദ് വ്യവസ്ഥയും ഡിജിറ്റല്‍വത്കരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ സ്റ്റാക്ക് പോലുള്ള ഡിപിഐകളിലൂടെ സഹായം നല്‍കാന്‍ സമാന മനസ്കരായ ഇന്ത്യയും ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഭാവി എതാനും ചില രാജ്യങ്ങള്‍ മാത്രം ചേര്‍ന്ന് രൂപകല്‍പന ചെയ്യാനുള്ളതല്ലെന്നും ഇത് കൂടുതല്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാവണമെന്നും തുര്‍ക്കിയിലെ വ്യവസായ, സാങ്കേതികവിദ്യാ മന്ത്രി മെഹ്മത് ഫതിഹ് കാസിറുമായുള്ള ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വിശാല അര്‍ത്ഥത്തില്‍ സാങ്കേതികവിദ്യയിലും പ്രത്യേകിച്ച് ഇലക്ട്രോണിക്സ് രംഗത്തും ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചാണ് ദക്ഷിണ കൊറിയയിലെ ശാസ്ത്ര - ഐസിടി വകുപ്പ് മന്ത്രി ഡോ. ജിന്‍ ബേ ഹോങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ഈ സഹകരണത്തിന്റെ വളര്‍ച്ച ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവുമായ ഇന്റര്‍നെറ്റിനെക്കുറിച്ചും രണ്ട് രാജ്യങ്ങളിലെയും മന്ത്രിമാര്‍ സംസാരിച്ചു.
കൂടിക്കാഴ്ചകള്‍ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ വൈകുന്നേരം ന്യൂഡല്‍ഹിയിലേക്ക് മടങ്ങി.