കടംകയറി ഭർത്താവ് ജീവനൊടുക്കി; കഫേ കോഫിഡേയെ നിലയില്ലാ കയത്തിൽ നിന്ന് രക്ഷിച്ച് മാളവിക
സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്
ബെംഗളൂരു: ഇന്ത്യാക്കാരുടെ മനംകവർന്നൊരു കോഫി ശൃംഖല, അതായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് വളർന്ന കഫേ കോഫി ഡേ ശൃംഖല. എന്നാൽ കാർമേഘങ്ങൾ ആ കമ്പനിയുടെ മുകളിൽ ഭീതി വിതച്ചൊരു കാലം പിന്നാലെയെത്തി. കമ്പനിയിൽ കടംകയറി. നിൽക്കക്കള്ളിയില്ലാതെ ഉടമ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തു. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്. ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടുവന്നതാകട്ടെ, സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും.
2019 മാർച്ച് 31 ലെ കണക്ക് പ്രകാരം കഫേ കോഫി ഡേയ്ക്ക് 7200 കോടി രൂപയുടെ കടമുണ്ടായിരുന്നു. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു.
സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്. 1996 ൽ ബെംഗളൂരുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011 ൽ രാജ്യത്തൊട്ടാകെ 1000ത്തിലേറെ ഔട്ട്ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർത്ഥയുടെ കണക്കുകൾ പിഴച്ചുകൊണ്ടിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും പൂട്ടിപ്പോയി. സിദ്ധാർത്ഥയുടെ മരണം സിസിഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കഫേ കോഫി ഡേയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'NO' പറഞ്ഞവർ ചുരുക്കം.
2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു. ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.