മൂന്നാം ലോക മഹായുദ്ധവും ആണവായുദ്ധ ഭീഷണിയും; ജനങ്ങൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ 

ആഗോള തലത്തിൽ യുദ്ധ ഭീഷണി നിലനിൽക്കവെയാണ് ജനങ്ങൾക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

World War III and the threat of nuclear war; European countries with warning to people

ദില്ലി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ. സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന വ്യക്തമായ സൂചനയാണ് ഈ മുന്നറിയിപ്പുകൾ നൽകുന്നതെന്നാണ് വിലയിരുത്തൽ. 

ആഗോള തലത്തിൽ യുദ്ധ ഭീഷണി നിലനിൽക്കവെ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന് സ്വീഡൻ അറിയിച്ചു. ലഘുലേഖകളിലൂടെയാണ് സ്വീഡൻ്റെ മുന്നറിയിപ്പെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അഞ്ച് തവണ മാത്രം പുറത്തിറക്കിയ ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങൾക്കും നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേയ്ക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്.  

ഡെൻമാർക്ക് ഇതിനോടകം തന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്. ഇതിലൂടെ ആണവ ആക്രമണം ഉൾപ്പെടെ മൂന്ന് ദിവസത്തെ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ. റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിൻലൻഡും മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രതിസന്ധികളെ നേരിടാൻ തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ ബ്രോഷർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയ്യാറാകാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. 

READ MORE: ആയത്തുള്ള ഖമേനി വെന്റിലേറ്ററിൽ? കോമയിലെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ഇറാൻ

Latest Videos
Follow Us:
Download App:
  • android
  • ios