ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു, കാപ്പിയും കുരുമുളകും കവര്‍ന്നു; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി

കവര്‍ച്ച നടത്തിയ ശേഷം പ്രതികൾ കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

Brothers arrested for stealing coffee and pepper from estate godown in Wayanad Kalpata

കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. കോഴിക്കോട് പൂനൂര്‍ കുറുപ്പിന്റെക്കണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുള്‍ റിഷാദ്(29), നിസാര്‍(26) എന്നിവരെയാണ് വയനാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

കവര്‍ച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതികളെ വലയിലാക്കാന്‍ പൊലീസിനായി. അന്വേഷണത്തിന്റെ ഭാഗമായി 250-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനുമൊടുവിലാണ് പ്രതികള്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതടക്കം കണ്ടെത്തിയത്. പിടിയിലായവരില്‍ നിസാര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് പരാതിക്ക് ആധാരമായ സംഭവം. രാത്രിയോടെ കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണില്‍ എത്തിയ പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ഗോഡൗണില്‍ അതിക്രമിച്ചു കയറി ഇരുവരും ജോലിക്കാരനെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 70 കിലോ തൂക്കം വരുന്ന, വിപണിയില്‍ 43,000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. 

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി തപോഷ് ബസുമാതാരിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, കെ. മുസ്തഫ, എം. ഷമീര്‍, എം.എസ്. റിയാസ്, ടി.ആര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, പി. ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

READ MORE: മൂന്നാം ലോക മഹായുദ്ധവും ആണവായുദ്ധ ഭീഷണിയും; ജനങ്ങൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios