ലോക്ക്ഡൗണിൽ കനത്ത തിരിച്ചടിയേറ്റ് രാജ്യത്തെ എട്ട് അടിസ്ഥാനസൗകര്യ വികസന മേഖലകൾ
മാർച്ചിൽ 5.5 ശതമാനം ഇടിവ് നേരിട്ട ക്രൂഡ് ഓയിൽ മേഖലയിൽ 6.4 ശതമാനം ഇടിവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്.
ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലകൾക്ക് കനത്ത തിരിച്ചടിയേറ്റു. 38.1 ശതമാനത്തോളം ഇടിവാണ് മേഖലകൾക്ക് ഉണ്ടായത്. കൽക്കരി, ക്രൂഡ് ഓയിൽ, പാചക വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി മേഖലകൾ ഒൻപത് ശതമാനത്തോളം ഇടിവ് ഏപ്രിൽ മാസത്തിലുണ്ടായി.
മാർച്ചിൽ 5.5 ശതമാനം ഇടിവ് നേരിട്ട ക്രൂഡ് ഓയിൽ മേഖലയിൽ 6.4 ശതമാനം ഇടിവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. കൽക്കരി മേഖലയുടെ വളർച്ച (-)15.5 ശതമാനമായിരുന്നു. ഊർജ്ജ മേഖലയിൽ നിന്നുള്ള ഉൽപ്പാദനം 22.8 ശതമാനം താഴ്ന്നു.
വിവിധ മേഖലകളിൽ ലോക്ക്ഡൗൺ കാലത്ത് ഉൽപ്പാദനം തടസ്സപ്പെട്ടതാണ് പ്രധാന തിരിച്ചടിയായത്. സമ്പൂർണ്ണ ലോക്ക്ഡൗൺ മാർച്ച് 25 നാണ് ആരംഭിച്ചത്. ഏപ്രിലിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ ഏതാണ്ട് പൂർണ്ണമായും നിശ്ചലമായിരുന്നു.