നരേഷ് ​ഗോയലിന് വൻ തിരിച്ചടി; ജെറ്റ് എയർവേയ്സിന്റെ 538 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി 

മറ്റ് രാജ്യങ്ങളിൽ ട്രസ്റ്റുകൾ സൃഷ്ടിച്ച് ജെറ്റ് എയർവേസ് സ്ഥാപകൻ പണം തട്ടിയതായി ഇഡി ആരോപിച്ചു. സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ട്രസ്റ്റുകളെ ഉപയോഗിച്ചുവെന്നാണ് ആരോപണം.

Jet airways RS 538 crore property seized by ED in Money laundering case prm

ദില്ലി: ജെറ്റ് എയർവേയ്‌സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 500 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ,  കമ്പനികൾ എന്നിവയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടി. 

538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായാണ് ഇഡി അറിയിച്ചത്. ചില സ്വത്തുക്കൾ  ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാനറ ബാങ്ക് നൽകിയ തട്ടിപ്പ് കേസിൽ ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. 848 കോടി രൂപ വരെ വായ്പ അനുവദിച്ചതായി എഫ്ഐആറിൽ ആരോപിച്ചു. വായ്പയെടുത്തതിൽ 538 കോടി രൂപ കുടിശ്ശികയായതോടെയാണ് ബാങ്ക് പരാതിയുമായി രം​ഗത്തെത്തിയത്. 

പിഎംഎൽഎ പ്രകാരം സെപ്റ്റംബർ ഒന്നിന് ഇഡി അറസ്റ്റ് ചെയ്ത ഗോയലിനെ മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ ട്രസ്റ്റുകൾ സൃഷ്ടിച്ച് ജെറ്റ് എയർവേസ് സ്ഥാപകൻ പണം തട്ടിയതായി ഇഡി ആരോപിച്ചു. സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ട്രസ്റ്റുകളെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ജെറ്റ് എയർവേയ്‌സ് എടുത്ത വായ്പകൾ വസ്തുവകകൾക്ക് പുറമെ ഫർണിച്ചർ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ ഉപയോഗിച്ചതായി ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിച്ച് ഇഡി കോടതിയിൽ പറഞ്ഞു. വ്യോമയാന മേഖല ബാങ്ക് വായ്പകളിലാണ് പ്രവർത്തിക്കുന്നതെന്നും ഫണ്ടുകളെ കള്ളപ്പണം വെളുപ്പിക്കൽ എന്ന് വിളിക്കാനാവില്ലെന്നും ​ഗോയലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അബ്ബാദ് പോണ്ട, അമിത് ദേശായി, അമിത് നായിക് എന്നിവരാണ് ഗോയലിന് വേണ്ടി കോടതിയിൽ ഹാജരായത്. ​ഗോയലിന്റെയും കുടുംബത്തിന്റെയും പേരിൽ വായ്പ എടുത്തിട്ടില്ലെന്നും 2011 ന് മുമ്പ് ജെറ്റ് എയർവേസ് എടുത്ത ബാങ്ക് വായ്പകളിൽ ഗണ്യമായ തുക സഹാറ എയർലൈൻസ് വാങ്ങാൻ ഉപയോഗിച്ചതായും അഭിഭാഷകർ പറഞ്ഞു. ജെറ്റ് എയർവേയ്‌സ് മാത്രമല്ല, മറ്റ് എയർലൈനുകളും പ്രതിസന്ധിയിലാണ്.

Read More.... ഒരു ദിവസം സമ്പാദിക്കുന്നത് 1 കോടി രൂപയിലധികം; ആപ്പിൾ സിഇഒയുടെ ആസ്തി ഞെട്ടിക്കുന്നത്!

ബാങ്കുകളുടെ ഫണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മേഖല പ്രവർത്തിക്കുന്നത്. ഇവയെല്ലാം കള്ളപ്പണം വെളുപ്പിക്കൽ എന്ന് വിളിക്കാനാവില്ലെന്നും  പ്രതിസന്ധിയുണ്ടെന്നും അതുകൊണ്ടാണ് ചില തിരിച്ചടവുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം‌, ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്ക് അക്കൗണ്ടുകളുടെയും ജംഗമ, സ്ഥാവര സ്വത്തുക്കളുടെയും വിവരങ്ങൾ നൽകുന്നതിൽ നിന്ന് ​ഗോയൽ ഒഴിഞ്ഞുമാറിയതായി കോടതി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios