രാജ്യത്തെ സ്മാർട്ട് സിറ്റി പുരസ്കാരം: ഒന്നാമത് ഇൻഡോർ, പേരിനുപോലും കേരളമില്ല

കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റി മിഷനാണ് സ്മാര്‍ട്ട് സിറ്റി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്

Indore Gets Best Smart City Award

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളമോ കേരളത്തിലെ ഏതെങ്കിലും നഗരമോ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചില്ല.

കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റി മിഷനാണ് സ്മാര്‍ട്ട് സിറ്റി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനു മുന്‍പ് 2018,2019, 2020 വര്‍ഷങ്ങളില്‍ ഈ പുരസ്കാരങ്ങള്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാലാം എഡിഷന്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണ ഇന്‍ഡോര്‍ ദേശീയ സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി. ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളില്‍ നിന്നാണ് പുരസ്കാരത്തിന് അര്‍ഹമായ നഗരങ്ങളെ കണ്ടെത്തിയത്. തുടര്‍ച്ചയായി ആറ് തവണ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരം ലഭിച്ചതും ഇന്‍ഡോറിനാണ്. 

പരിസ്ഥിതി സംരക്ഷണം, സംസ്കാരികം, സാമ്പത്തികം,  ഭരണകാര്യം, ശുചിത്വം, ഗതാഗത സൌകര്യം, ജല പദ്ധതികള്‍, നൂതന ആശയങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 66 വിജയികളെയാണ് പ്രഖ്യാപിച്ചത്. മികച്ച സ്മാര്‍ട്ട് സിറ്റിക്കുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ശുചിത്വ മികവ്, നഗര വികസനം, ജലപദ്ധതികള്‍ എന്നീ വിഭാഗങ്ങളിലും ഇന്‍ഡോര്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. സാമ്പത്തിക വിഭാഗത്തിലും കോവിഡ് കാലത്തെ നൂതന ആശയങ്ങളുടെ കാര്യത്തിലും ഇന്‍ഡോര്‍ രണ്ടാമതാണ്.  

പരിസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കോയമ്പത്തൂരിനാണ്. പൈതൃക ടൂറിസത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന് അഹമ്മദാബാദ് സാംസ്കാരിക വിഭാഗത്തിലെ പുരസ്കാരം സ്വന്തമാക്കി. സ്മാർട്ട് സിറ്റിക്കായി ഇ ഗവേണൻസ് സേവനങ്ങൾ ഉറപ്പാക്കിയ ചണ്ഡീഗഢ് ഭരണകാര്യ വിഭാഗത്തിലെ പുരസ്കാരം നേടി. ബൈക്ക് ഷെയറിങ്, സൈക്കിള്‍ ട്രാക്ക് എന്നിവ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച ഗതാഗത സൌകര്യത്തിനുള്ള പുരസ്കാരവും ചണ്ഡീഗഢ് സ്വന്തമാക്കി.   സെപ്തംബർ 27ന് ഇൻഡോറിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങള്‍ സമ്മാനിക്കും.

പുരസ്കാര പട്ടികയുടെ പൂര്‍ണരൂപം


 

Latest Videos
Follow Us:
Download App:
  • android
  • ios