ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇത് ഉത്സവ കാലം; തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ എന്നിവയ്ക്ക് ശേഷം ഫ്രീ വിസ നൽകി ഈ രാജ്യം
സൗജന്യ വിസ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടതെ ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി എന്നിവയും ഉണ്ട്.
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഏറ്റവും ബെസ്ററ് ടൈം ആണിതെന്ന് പറയുന്നതിൽ സംശയമില്ല. കാരണം, ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് നിരവധി രാജ്യങ്ങൾ. തായ്‌ലൻഡിനും ശ്രീലങ്കയ്ക്കും മലേഷ്യയ്ക്കും പിന്നാലെ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കാൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ.
ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ എൻട്രി വിസ അനുവദിക്കാൻ ഇന്തോനേഷ്യൻ മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഇന്തോനേഷ്യയിലെ ടൂറിസം മന്ത്രാലയവും ഈ തീരുമാനമെടുത്തിട്ടുണ്ട്. ഇന്തോനേഷ്യയിലെ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ തീരുമാനത്തിന് ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകാം.
യഥാർത്ഥത്തിൽ, ധാരാളം വിനോദസഞ്ചാരികൾ വരുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. "നിലവിൽ വിസ ഇളവുകളുള്ള രാജ്യങ്ങൾ ഒഴികെ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളുള്ള 20 രാജ്യങ്ങളെ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്," ഇന്തോനേഷ്യയുടെ ടൂറിസം മന്ത്രി സാൻഡിയാഗ സലാവുദ്ദീൻ യുനോ പറഞ്ഞു. സൗജന്യ പ്രവേശന വിസ നൽകുന്നതിലൂടെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുകയും നിക്ഷേപം വളർത്തുകയും ചെയ്യും. കൂടാതെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുമെന്നും സാൻഡിയാഗ സലാവുദ്ദീൻ യുനോ പറഞ്ഞു.
സൗജന്യ വിസ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടതെ ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി എന്നിവയും ഉണ്ട്. നിലവിൽ 25 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം നൽകുന്നുണ്ട്. അടുത്തിടെ മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് വിസ ഫ്രീ എൻട്രി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോവിഡിന് മുൻപ് 2019 ൽ, 16 ദശലക്ഷത്തിലധികം വിദേശികൾ ഇന്തോനേഷ്യയിൽ എത്തിയിരുന്നു. അതേസമയം, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 9.49 ദശലക്ഷം പേർ മാത്രമാണ് ഇന്തോനേഷ്യയിലെത്തിയത്.