ട്രെയിൻ യാത്രക്കാർക്ക് സന്തോഷിക്കാം; ടിക്കറ്റ് റദ്ദാക്കാതെ സൗജന്യമായി യാത്രാ തീയതി മാറ്റാം
യാത്രാ തീയതിയിൽ മാറ്റം വരുത്തുന്നതിന് അധിക പണം നൽകേണ്ടതില്ല. ടിക്കറ്റ് ക്യാൻസലേഷൻ ആവശ്യമില്ലാതെ തന്നെ ടിക്കറ്റിന്റെ യാത്രാ സമയം പരിഷ്കരിക്കാം
പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ടിക്കറ്റ് റദ്ദാക്കാതെ തന്നെ ഒരു വ്യക്തിക്ക് ഇനി യാത്ര തീയതിയിൽ മാറ്റം വരുത്താം. ഏറ്റവും മികച്ച കാര്യം എന്താണെന്നാൽ ഇങ്ങനെ തീയതിയിൽ മാറ്റം വരുത്തുന്നതിന് അധിക പണം നൽകേണ്ടതില്ല എന്നതാണ്.
ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്ര തീയതികളിൽ മാറ്റം വന്നേക്കാം. ഈ സാഹചര്യങ്ങളിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ റയിൽവേ.
ടിക്കറ്റ് ക്യാൻസലേഷൻ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ ടിക്കറ്റിന്റെ യാത്രാ സമയം പരിഷ്കരിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ നിങ്ങളുടെ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്താൽ മതിയാകും.
ഒരിക്കൽ ടിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ, ഒരു പുതിയ യാത്രാ തീയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമുണ്ട്. അപേക്ഷ ലഭിച്ചാൽ, ഇന്ത്യൻ റെയിൽവേ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.
തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് എത്ര നിരക്ക് വരുന്നുവോ അത് ഈടാക്കും. അതായത് ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. ഐആര്സിടിസിയുടെ സൗകര്യപ്രദമായ നടപടിക്രമം ഉപയോഗിച്ച്, ഇനി മുതൽ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുന്നത് തടസ്സരഹിതമാകും.