ഇന്ത്യയുടെ 'സംരക്ഷിത' ബസുമതി ഇനങ്ങൾ പാക്കിസ്ഥാൻ പേരുമാറ്റി കൃഷി ചെയ്യുന്നു; നിയമനടപടി വേണമെന്ന് ഐഎആർഐ
ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്ക് കൂടുതൽ സാധ്യത ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാകിസ്താനിലെ "നിയമവിരുദ്ധമായ" കൃഷിക്ക് ഐഎആർഐ ശാസ്ത്രജ്ഞർ ചുവപ്പ് കൊടി കാട്ടിയിരിക്കുന്നത്.
ദില്ലി: ഇന്ത്യയുടെ 'സംരക്ഷിത' ബസുമതി ഇനങ്ങൾ പുനർനാമകരണം ചെയ്യുകയും പാകിസ്ഥാനിൽ കൃഷി ചെയ്യുന്നതിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്ക് കൂടുതൽ സാധ്യത ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാകിസ്താനിലെ "നിയമവിരുദ്ധമായ" കൃഷിക്ക് ഐഎആർഐ ശാസ്ത്രജ്ഞർ ചുവപ്പ് കൊടി കാട്ടിയിരിക്കുന്നത്.
ഉയർന്ന വിളവ് നൽകുന്ന ബസുമതി ഇനങ്ങളെ വളർത്തിയെടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് ഐഎആർഐ. ആരോമാറ്റിക് അരിയുടെ 5.5 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലെ സത്യസന്ധമല്ലാത്ത വിത്ത് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ആരംഭിക്കണമെന്ന് ഐഎആർഐ ഡയറക്ടർ എ.കെ സിംഗ് ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകരുടെയും കയറ്റുമതിക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണം എന്ന് എ.കെ സിംഗ് പറഞ്ഞു.
എ.കെ സിംഗ് പറയുന്നത് പ്രകാരം, പാക്കിസ്ഥാനിൽ അനധികൃത വിത്ത് വിൽപ്പനയും ഐഎആർഐ ഇനങ്ങളുടെ കൃഷിയും ആരംഭിച്ചത് പൂസ ബസ്മതി-1121 (PB-1121) ഉപയോഗിച്ചാണ്. നീളത്തിന് പേരുകേട്ടതാണ് പൂസ ബസ്മതി. ഇതിന്റെ നീളം ശരാശരി 8 മില്ലീമീറ്റർ ആണ്. പാചകം ചെയ്യുമ്പോൾ ഇത് ഏകദേശം 21.5 മില്ലീമീറ്ററായി നീളുന്നു.ഈ ഇനം പാകിസ്ഥാനിൽ ഔദ്യോഗികമായി 'PK 1121 അരോമാറ്റിക് ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് '1121 കൈനാട്ട്' ബസ്മതി എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്നു. PB-1121 മാത്രമല്ല. 2010-ലും 2013-ലും പുറത്തിറക്കിയ പുസ ബസ്മതി-6 (പിബി-6), പിബി-1509 എന്നിങ്ങനെയുള്ള ജനപ്രിയ ഐഎആർഐ ഇനങ്ങളും പാകിസ്ഥാൻ വളർത്തുന്നുണ്ട് എന്ന് എ.കെ സിംഗ് പറഞ്ഞു.