പിഴവുകളില്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് അതീവ ജാഗ്രതയോടെ ചെയ്യേണ്ട കാര്യം തന്നെയാണ്. കാരണം ഒരു ചെറിയ തെറ്റ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും
ജൂൺ മാസം പകുതിയാവാറായി, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇനി അധികം ദിവസങ്ങളില്ല. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് അതീവ ജാഗ്രതയോടെ ചെയ്യേണ്ട കാര്യം തന്നെയാണ്. കാരണം ഒരു ചെറിയ തെറ്റ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മാത്രമല്ല, ഇത്തരത്തിൽ പിഴവുകൾ കണ്ടെത്തിയാൽ. ആദായ നികുതി റിട്ടേൺ നോട്ടീസ് അയക്കാനുള്ള അധികാരവും ആദായ നികുതി വകുപ്പിന് ഉണ്ട്. എന്തായാലും 2022-23 സാമ്പത്തിക വർഷത്തിലേക്കും 2023-24 മൂല്യനിർണ്ണയ വർഷത്തിലേക്കും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ തയ്യാറെടുക്കുന്ന വ്യക്തിയെ സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ്, ചില അവശ്യകാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടോ, പിഴവുകളോ ഇല്ലാതെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങളുടെ ആദായനികുതി റിട്ടേൺ അനായാസമായി ഫയൽ ചെയ്യാനും പിന്നീട് ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനും കഴിയും.
ആദ്യമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. തുടർന്ന്, https://eportal.incometax.gov.in ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തികൾ ആദ്യം അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യണം. നിങ്ങളുടെ സ്വന്തം പാസ്‌വേഡ് സ്വന്തമായി ക്രിയേറ്റ് ചെയ്യാമെങ്കിലും, പാൻ നമ്പർ നിങ്ങളുടെ യൂസർ ഐഡിയായി പ്രവർത്തിക്കും.
പാസ് വേഡ് മറന്നുപോയോ ?
നിങ്ങൾ ഒരു യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും, പിന്നീട് പാസ് വേഡ് മറന്നുപോയാലും ആശങ്കപ്പെടേണ്ടതില്ല.
ഫോർഗോട്ട് പാസ് വേഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒടിപി ഉപയോഗിച്ച് പാസ് വേഡ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ രണ്ട് കാര്യങ്ങൾ പ്രത്യേകം ഓർക്കേണ്ടതുണ്ട്.ആദ്യം മൊബൈൽ നമ്പർ നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല നിങ്ങളുടെ പാനും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. ഇതു രണ്ടും ഉണ്ടെങ്കിൽ മാത്രമേ പാസ് വേഡ് ക്രിയേറ്റ് ചെയ്യാൻ കഴിയുകയുള്ളു.
എഐഎസിന്റെ സൂക്ഷ്മ അവലോകനം
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നികുതിദായകർ അവരുടെ വാർഷിക വിവര പ്രസ്താവന (എഐഎസ്) സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വരുമാനവുമായി ബന്ധപ്പെട്ട സമഗ്രമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് എഐഎസ്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും എഐഎസ് ഓപ്ഷൻ തിരഞ്ഞെടുക്കാം. പ്രസ്താവനയുടെ ഒന്നാം ഭാഗത്തിൽ, നിങ്ങളുടെ പേര്, പാൻ, ആധാർ എന്നിവ പോലുള്ള വിവരങ്ങൾ നിങ്ങൾ ഉൾപ്പെടും. രണ്ടാം ഭാഗത്തിൽ, ടിഡിഎസ്, മുൻകൂർ നികുതി, സെൽഫ് അസ്സസ്സ്മെന്റ്, കുടിശ്ശിക എന്നിവ ഉൾപ്പെടെ നികുതിദായകന്റെ വരുമാനത്തിന്റെ വിപുലമായ അവലോകനം നൽകും. പ്രസ്താവന ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത ശേഷം, തെറ്റുകൾ വരാതെ വേണം നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.