അതിവേഗം കാനഡ വിട്ട് കുടിയേറ്റക്കാർ; കാരണം ഇത്
ഉയർന്ന താമസചെലവ്, മോശം ആരോഗ്യ സംവിധാനം, തൊഴിലില്ലായ്മ എന്നിവ കുടിയേറ്റക്കാരുടെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലേക്ക് കുടിയേറിയവര്‍ രാജ്യം വിടുന്നത് വര്‍ധിക്കുന്നതായി കണക്കുകള്‍. കാനഡയിലേക്കുള്ള കുടിയേറ്റം പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കുന്നില്ലെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍റ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ നടത്തിയ പഠനം വ്യക്തമാക്കുന്നു..2017-ലും 2019-ലും കാനഡ വിടുന്ന കുടിയേറ്റക്കാരുടെ വാർഷിക നിരക്ക് യഥാക്രമം 1.1%, 1.18% എന്നിങ്ങനെ 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രവണത തുടരുകയും 25 വർഷത്തിനുള്ളിൽ ആളുകളുടെ വരവിൽ 20% കുറവുണ്ടായേക്കുമെന്നുമാണ് വിലയിരുത്തൽ.2001-നും 2021-നും ഇടയിൽ പൗരത്വം സ്വീകരിച്ച സ്ഥിരതാമസക്കാരുടെ അനുപാതം 40% കുറഞ്ഞു.
ഉയർന്ന താമസചെലവ്, മോശം ആരോഗ്യ സംവിധാനം, തൊഴിലില്ലായ്മ എന്നിവ കുടിയേറ്റക്കാരുടെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിസന്ധി തിരിച്ചറിയേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ആളുകൾ രാജ്യം വിടുമെന്നും അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇമിഗ്രേഷൻ അനുകൂല അഭിഭാഷക ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാനിയൽ ബെർണാർഡ് പറഞ്ഞു. കുടിയേറ്റക്കാർക്കിടയിലെ നിരാശ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ ആഴ്ച ആദ്യം, എൻവയോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേ പ്രകാരം, ഉയർന്ന തോതിലുള്ള കുടിയേറ്റത്തിനുള്ള പൊതുജന പിന്തുണ കുറയുന്നതായി കണ്ടെത്തി. വീടുകളുടെ ഉയർന്ന വിലയും ,ലഭ്യതയും സംബന്ധിച്ച ആശങ്കകൾ കാരണമാണ് കുടിയേറ്റ വിരുദ്ധ നിലപാട് ഉടലെടുക്കുന്നത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ കൂടുതൽ തൊഴിലാളികളെ രാജ്യത്തേക്കെത്തിക്കുന്നുണ്ടെങ്കിലും നിലവിൽ താമസസൌകര്യങ്ങളിലെ കുറവ്, അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംരക്ഷണം പോലുള്ള സേവനങ്ങളിലും ഉള്ള പ്രതിസന്ധി എന്നിവ വർധിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം