എത്ര ദിവസംകൊണ്ട് റീഫണ്ട് ലഭിക്കും? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ചെയ്യേണ്ട അവസാന തിയതി. ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്തവരിൽ ഇതിനകം റീഫണ്ട് ലഭിച്ചവരുമുണ്ട്.
ആദായ നികുതി റീഫണ്ട് എന്നത് നികുതിദായകൻ യഥാർത്ഥത്തിൽ നൽകേണ്ടതിനേക്കാൾ കൂടുതൽ നികുതി അടച്ചാൽ അത് തിരികെ ലഭിക്കുന്നതാണ്. ടിഡിഎസ്, ടിസിഎസ് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ പിടിച്ച അധിക പണം റിട്ടേൺ ഫയൽ ചെയ്താൽ തിരികെ ലഭിക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ചെയ്യേണ്ട അവസാന തിയതി. ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്തവരിൽ ഇതിനകം റീഫണ്ട് ലഭിച്ചവരുമുണ്ട്. ആദായ നികുതി റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞാൽ റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?
ഒരു നികുതിദായകൻ്റെ നികുതി ബാധ്യത ആദായനികുതി വകുപ്പ് വിലയിരുത്തുമ്പോൾ, അന്തിമമായി നൽകേണ്ട നികുതി കണക്കാക്കുന്നതിന് മുൻപ് ബാധകമായ എല്ലാ കിഴിവുകളും ഇളവുകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ന്യായവും കൃത്യവുമായ വിലയിരുത്തൽ നടത്തുന്നു.
ഐടിആർ ഫയൽ ചെയ്തതിന് ശേഷം നികുതി റീഫണ്ട് ലഭിക്കാൻ എത്ര സമയമെടുക്കും
റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകൻ റിട്ടേൺ ഇ-വെരിഫൈ ചെയ്യുന്നതുവരെ നികുതി വകുപ്പ് റീഫണ്ടുകളുടെ പ്രോസസ്സിംഗ് ആരംഭിക്കില്ല. ആദായ നികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, നികുതിദായകൻ്റെ അക്കൗണ്ടിലേക്ക് റീഫണ്ട് തുക ക്രെഡിറ്റ് ചെയ്യുന്നതിന് സാധാരണയായി നാലോ അഞ്ചോ ആഴ്ച എടുക്കും.
ഐടിആർ റീഫണ്ട് വൈകിയാൽ എന്തുചെയ്യണം
ഈ സമയപരിധിക്കുള്ളിൽ നികുതിദായകന് റീഫണ്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ, ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസോ മെയിലോ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. നികുതിദായകർ ആദായ നികുതി വെബ്സൈറ്റ് വഴി റീഫണ്ട് നില പരിശോധിക്കുകയും ചെയ്യാം.
റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കും
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടൽ തുറക്കുക
ഘട്ടം 2: യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
ഘട്ടം 3: ഇ-ഫയൽ ടാബിലേക്ക് പോകുക > ആദായ നികുതി റിട്ടേണുകൾ എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ഫയൽ ചെയ്ത റിട്ടേണുകൾ കാണുക.
ഘട്ടം 4: നിലവിലുള്ള അസസ്‌മെൻ്റ് വർഷത്തേക്കുള്ള റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം.
ഇനിപ്പറയുന്ന കാരണങ്ങളാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് തുക ലഭിക്കാതിരിക്കാം
1. ബാങ്ക് അക്കൗണ്ട് മുൻകൂട്ടി സാധൂകരിക്കാത്ത സാഹചര്യത്തിൽ.
2. ബാങ്ക് അക്കൗണ്ടിൽ പറഞ്ഞിരിക്കുന്ന പേര് പാൻ കാർഡ് വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
3. അസാധുവായ IFSC കോഡിൻ്റെ കാര്യത്തിൽ.
4. നിങ്ങൾ ഐടിആറിൽ സൂചിപ്പിച്ച അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിൽ.
കൂടാതെ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാണെങ്കിൽ, റീഫണ്ട് ലഭിക്കില്ല