വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം; സബ്‌സിഡി നിരക്കിൽ സവാള വിൽപ്പന; ഒരു കിലോ സവാളയുടെ വില അറിയാം
തക്കാളി വില കുതിച്ചുയർന്നപ്പോഴും, ഇതേ രീതിയിൽ കുറഞ്ഞ വിലയിൽ സബ്സിഡി നിരക്കിൽ വിൽപ്പന നടത്തിക്കൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം ഇടപെടൽ നടത്തിയിരുന്നു.
ദില്ലി: കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ. സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴിയാണ് ഇന്ന് മുതൽ 25 രൂപ നിരക്കിൽ ഉള്ളി വിൽപ്പന നടത്തുന്നത്. എൻസിസിഎഫിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും, മൊബൈൽ വാനുകൾ വഴിയുമാണ് കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ സവാള വിൽപ്പന നടത്തുന്നത്.
ഈ വർഷം സവാളയുടെ ബഫർ സ്റ്റോക്ക് അഞ്ച് ലക്ഷം മെട്രിക് ടണ്ണായി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു. മൂന്ന് ലക്ഷം മെട്രിക് ടൺ എന്ന സംഭരണ ലക്ഷ്യം കൈവരിച്ചതിന് പിന്നാലെയാണ് ബഫർ സ്റ്റോക്ക് അഞ്ച് ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സവാള വില നിയന്ത്രണ വിധേയമാക്കുന്നതിനായാണ് ഒരു ലക്ഷം മെട്രിക് ടൺ വീതം സവാള സംഭരിക്കാൻ എൻസിസിഎഫിനും നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനും (നാഫെഡ്) നിർദ്ദേശം നൽകിയത്. തക്കാളി വില കുതിച്ചുയർന്നപ്പോഴും, ഇതേ രീതിയിൽ കുറഞ്ഞ വിലയിൽ സബ്സിഡി നിരക്കിൽ വിൽപ്പന നടത്തിക്കൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം ഇടപെടൽ നടത്തിയിരുന്നു.
കൂടാതെ സവാള വില വർധനവ് പിടിച്ചു നിർത്താനും, ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്രസർക്കാർ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വിലയിൽ വർധനവുണ്ടാകുന്നുണ്ടെന്ന ആർബിഐ ബുള്ളറ്റിൻ പുറത്തുവന്നതിനെത്തുടർന്നാണ് സവാള കയറ്റുമതിക്ക് തീരുവ ഏർപ്പെടുത്തിയത്. 2023 ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം