ഇഷ്ടപ്പെട്ട ആ ഭക്ഷണം വെളിപ്പെടുത്തി സുന്ദർ പിച്ചൈ; ഇന്ത്യൻ രുചികൾ മറക്കാതെ ഗൂഗിൾ സിഇഒ
ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയുടെ പ്രിയപ്പെട്ട ഇന്ത്യൻ വിഭവമേതാണെന്ന് അറിയാമോ?
ആഗോള കമ്പനികളിൽ മുൻനിരയിലുള്ള ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും. ആൽഫബെറ്റിന്റെയും അതിന്റെ അനുബന്ധ സ്ഥാപനമായ ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈയുടെ പ്രിയപ്പെട്ട ഇന്ത്യൻ വിഭവമേതാണെന്ന് അറിയാമോ?
യൂട്യൂബർ വരുൺ മയ്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, സുന്ദർ പിച്ചൈ തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണമായി ഒന്നല്ല, രണ്ടല്ല, മൂന്ന് വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങൾ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവ ഏതൊക്കെ ആണെന്നല്ല? ബംഗളൂരുവിലാണെങ്കിൽ ദോശ, ദില്ലിയിൽ ആണെങ്കിൽ ചോല ബട്ടൂര, മുംബൈയിലാണെങ്കിൽ പാവ് ഭാജി എന്നിവയാണ് സുന്ദർ പിച്ചൈയുടെ പ്രിയ ഭക്ഷണം.
ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പിച്ചൈ സംസാരിച്ചു. ആമിർ ഖാൻ്റെ സൂപ്പർഹിറ്റ് ചിത്രമായ ‘3 ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തെ പരാമർശിച്ച് സുന്ദർ പിച്ചൈ ആശയങ്ങളെ ആഴത്തിൽ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
1972ൽ തമിഴ്‌നാട്ടിലെ മധുരയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്. ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പിച്ചൈയുടെ കീഴിൽ, ഗൂഗിൾ ശ്രദ്ധേയമായ വളർച്ചയാണ് നേടിയത്. ഗൂഗിൾ ക്രോം, ആൻഡ്രോയിഡ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവയുടെ വികസനത്തിൽ അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാട് പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ തിരിച്ചറിഞ്ഞ്, 2015 ൽ ഗൂഗിളിന്റെ സിഇഒ ആയി പിച്ചൈ നിയമിതനായി,
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്കായി മികച്ച അനുഭവം മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.