ആശ്ചര്യം! ചന്തയിൽ യുപിഐ ഉപയോഗിച്ച് പച്ചക്കറി വാങ്ങി ജർമ്മൻ മന്ത്രി, ഇന്ത്യയുടെ നേട്ടങ്ങളുടെ ഉദാഹരണമെന്ന് എംബസി
ഇന്ത്യയുടെ വിജയഗാഥകളിൽ ഒന്നായിട്ടാണ് ഈ മുന്നേറ്റത്തെ ജര്‍മ്മൻ എംബസി വാഴ്ത്തിയത്. വോൾക്കർ വിസ്സിംഗ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെയും പേയ്‌മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ജര്‍മ്മൻ എംബസി പങ്കുവെച്ചു.
ബംഗളൂരു: ഇന്ത്യയില്‍ ചെറിയ കടകളില്‍ പോലും ലഭ്യമായിട്ടുള്ള യുപിഐ സേവനങ്ങളെ തൊട്ടറിഞ്ഞ് ജർമ്മനി ഡിജിറ്റൽ ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രി വോൾക്കർ വിസ്സിംഗ്. യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിയ മന്ത്രി വലിയ കൗതുകത്തോടെയാണ് യുപിഐ ഉപയോഗിച്ച് ചന്തയിൽ നിന്ന് പച്ചക്കറി വാങ്ങിയത്. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ഇന്ത്യയിലെ ജർമ്മൻ എംബസി 'എക്സ്' പ്ലാറ്റ്ഫോമിലൂടെ പുകഴ്ത്തുകയും ചെയ്തു.
ഇന്ത്യയുടെ വിജയഗാഥകളിൽ ഒന്നായിട്ടാണ് ഈ മുന്നേറ്റത്തെ ജര്‍മ്മൻ എംബസി വാഴ്ത്തിയത്. വോൾക്കർ വിസ്സിംഗ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെയും പേയ്‌മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ജര്‍മ്മൻ എംബസി പങ്കുവെച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു ഉദാഹരണം രാജ്യത്തിന്‍റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് എന്ന് കുറിച്ച് കൊണ്ടാണ് ജര്‍മ്മൻ എംബസി ചിത്രങ്ങള്‍ പങ്കുവെച്ചത്. എണ്ണമറ്റ ഇന്ത്യക്കാർ ഈ സംവിധാനം ഉപയോഗിക്കുന്നു.
ഡിജിറ്റൽ, ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസ്സിംഗ് യുപിഐ പേയ്‌മെന്റുകളുടെ ലാളിത്യം നേരിട്ടു കണ്ടുവെന്നും അത് വളരെ ആകർഷകമായി തോന്നിയെന്നും എംബസി കുറിച്ചു. ഓഗസ്റ്റ് 19-ന് നടന്ന ജി20 ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് വോള്‍ക്കര്‍ വിസ്സിംഗ് ബംഗളൂരുവില്‍ എത്തിയത്. ഇന്ത്യയിലെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്.
അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ നടത്താവുന്ന പ്ലന്‍ ഇന്നുകള്‍ അവതരിപ്പിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള കോണ്‍വര്‍സേഷനല്‍ പേയ്മെന്റ് സംവിധാനം യുപിഐ ഇടപാടുകളില്‍ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ആര്‍ട്ടിഫിഷ്യല്‍ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് പണമിടപാട് നടത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം