സ്ഥിരനിക്ഷേപത്തിന് ബെസ്റ്റ് ടൈം; മത്സരിച്ച് പലിശനിരക്കുയർത്തി ഈ ബാങ്കുകൾ
ഉയർന്ന പലിശനിരക്കിൽ മികച്ച സ്കീമുകളിൽ നിക്ഷേപിക്കാനാഗ്രഹമുള്ളവർക്ക് ഇത് ബെസ്റ്റ് ടൈം ആണ്. ഈ മാസം എഫ്ഡി നിരക്കുകൾ വർദ്ധിപ്പിച്ച ബാങ്കുകൾ ഇവയാണ്;
2023 ഫെബ്രുവരി മുതൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുകയാണ്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയിരിക്കുന്നത്. എന്നാൽ ചില ബാങ്കുകൾ മുതിർന്ന പൗരൻമാർക്കും, പൊതുജനങ്ങൾക്കുമുള്ള സ്ഥിരനിക്ഷേപ പലിശനിരക്കുകളിൽ ഈ മാസം വർധന വരുത്തിയിട്ടുണ്ട്. ഈ വർഷം ബാങ്കുകൾ പലിശനിരക്ക് മത്സരിച്ചുയർത്തുന്നുണ്ടെങ്കിലും സമീപഭാവിയിൽ പലിശ നിരക്ക് കുറയാനിടയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ, ഉയർന്ന പലിശനിരക്കിൽ മികച്ച സ്കീമുകളിൽ നിക്ഷേപിക്കാനാഗ്രഹമുള്ളവർക്ക് ഇത് ബെസ്റ്റ് ടൈം ആണ്. ഈ മാസം എഫ്ഡി നിരക്കുകൾ വർദ്ധിപ്പിച്ച ബാങ്കുകൾ ഇവയാണ്;
ആക്സിസ് ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 15 ബേസിസ് പോയിന്റ് (ബിപിഎസ്) വർദ്ധിപ്പിച്ചിരിക്കുകയാണ് സ്വകാര്യ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് . പുതുക്കിയ നിരക്കുകൾ 2023 ഓഗസ്റ്റ് 11 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.20% വരെ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 3.5 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 16 മാസം മുതൽ 17 മാസത്തിൽ താഴെ വരെ മെച്യൂരിറ്റിയുള്ള 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന നിരക്കായ 8.05% പലിശ ലഭിക്കുക.
ALSO READ: മക്ഡൊണാൾഡ്സിന് പിറകെ തക്കാളിയെ ഒഴിവാക്കി ബർഗർ കിംഗ്; കാരണം ഇതാണ്
കാനറ ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് പുതുക്കി കാനറ ബാങ്ക്. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ 2023 ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പൊതുവിഭാഗത്തിന് 4 ശതമാനം മുതൽ 7.25 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫെഡറൽ ബാങ്ക്
77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഫെഡറൽ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിച്ചത്, ഇത് 2023 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുത്ത കാലയളവുകളിലെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് നിലവിലെ നിരക്കിനേക്കാൾ 77 ബേസിസ് പോയിന്റ് ഉയർന്ന നിരക്കാണ് ബാങ്ക് പ്രഖ്യാപിച്ചത്. 3 മാസത്തെ ടേം ഡെപ്പോസിറ്റിന് പൊതുവിഭാഗത്തിന് 7.30 ശതമാനം പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് പുതുക്കലിനെത്തുടർന്ന് വാഗ്ദാനം ചെയ്യുന്നത്., അതേസമയം ഇതേ കാലയളവിലെ മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 8.07 ശതമാനമായും വർധിച്ചിട്ടുണ്ട്..മാത്രമല്ല, സ്ഥിരനിക്ഷേപങ്ങൾക്ക് പുറമെ സേവിംഗ്സ് അക്കൊണ്ടുകൾക്കും ഫെഡറൽ ബാങ്ക് താരതമ്യേന ഉയർന്ന നിരക്കായ 7.15 ശതമാനം പലിശനിരക്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.വർദ്ധിപ്പിച്ച നിരക്കുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.
ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ മാസമാദ്യം, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ കാലാവധിക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ 85 ബേസിസ് പോയിൻറ് (0.85 ശതമാനം) വർധിപ്പിച്ചിരുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, മുതിർന്ന ഉപഭോക്താക്കൾക്ക് 4.50% മുതൽ 9.10% വരെ പലിശ നിരക്കാണ് നിലവിൽ ലഭ്യമാക്കുന്നത്.