വായ്പ അടച്ചുതീർത്തിട്ടും ആധാരമില്ല, മേപ്പാടി സ്വദേശിക്ക് എസ്ബിഐ നൽകേണ്ട നഷ്ടം ലക്ഷങ്ങൾ, വൈകിയാൽ ഇനിയും കൂടും!
വായ്പ അടച്ചു തീര്‍ത്തിട്ടും ഈടായി നല്‍കി ആധാരം തിരികെ നല്‍കാന്‍ വൈകിയതിന് ബാങ്ക് അധികൃതരോട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
വയനാട്: വായ്പ അടച്ചു തീര്‍ത്തിട്ടും ഈടായി നല്‍കി ആധാരം തിരികെ നല്‍കാന്‍ വൈകിയതിന് ബാങ്ക് അധികൃതരോട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ അനുകൂല വിധി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിക്രമപ്രകാരം വായ്പ തുക അടച്ചിട്ടും ബാങ്ക് അധികൃതര്‍ ആധാരം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് മേപ്പാടി സ്വദേശി പി.കെ പ്രസന്ന നല്‍കിയ പരാതിയിലാണ് നടപടി.
പ്രസന്നയുടെ ഭര്‍ത്താവ് പരേതനായ എം.കെ.ബാലകൃഷ്ണന്‍ നായര്‍ മേപ്പാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്നും വായ്പയെടുത്തിരുന്നു. ഈ വായ്പ തുകയാണ് ഒറ്റത്തവണയായി അടച്ചു തീര്‍ത്തിട്ടും ബാങ്ക് അധികൃതര്‍ ആധാരം തിരികെ നല്‍കാതിരുന്നത്. തുടര്‍ന്ന് പ്രസന്ന ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
വിധി പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനകം ആധാരം പരാതിക്കാരിക്ക് തിരികെ നല്‍കാനും നഷ്ടപരിഹാരമായി 4,50,000 രൂപയും പരാതിയുടെ ചെലവിലേക്കായി 15,000 രൂപയും ഉള്‍പ്പെടെ 4.65,000 പരാതിക്കാരിക്ക് നല്‍കാന്‍ ബാങ്ക് അധികൃതരോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. വിധി പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആധാരം തിരികെ നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നല്‍കണം. ആര്‍.ബിന്ദു പ്രസിഡന്റും എം. ബീന, എ.എസ് സുഭഗന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.
അതേസമയം, മലപ്പുറത്ത് ട്രാർസ്‌ഫോർമർ കത്തിനശിച്ച സംഭവത്തിൽ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂർ പോത്തുകല്ല് സ്വദേശി അലവിക്കുട്ടി സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2018 സെപ്റ്റംബർ ഒമ്പതിനാണ് പരാതിക്കാരൻ ആലുവയിലുള്ള എസ്എസ് ട്രാൻസ്‌ഫോർമേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും പോത്തുകല്ലിലുള്ള തന്റെ കെട്ടിടത്തിന്റെ ആവശ്യത്തിലേക്ക് ട്രാൻസ്‌ഫോർമർ വാങ്ങിയത്.
2019 ആഗസ്റ്റ് 31 -ന് രാത്രി 8.30 -ന് ട്രാൻസ്‌ഫോർമർ കത്തിനശിച്ചു. വിവരം എതിർകക്ഷികളെ അറിയിച്ചെങ്കിലും ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ ട്രാൻസ്‌ഫോർമറിന്റെ വിലയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമീപിച്ചത്. എതിർകക്ഷികളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ട്രാൻസ്‌ഫോർമറിന്റെ നിർമാണത്തിൽ പിഴവുണ്ടായെന്നും കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.