പിടിച്ചെടുത്തത് നാല് കോടി വിലയുള്ള കാറുകൾ, സ്വർണം, പണം; കോൺഗ്രസ് എംഎൽഎയുടെ ഓഫിസുകളിൽ ഇ ഡി റെയ്ഡ്
ഗുരുഗ്രാമിലെ സെക്ടർ 68ൽ പാർപ്പിട യൂണിറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1,497 പേരിൽനിന്ന് 360 കോടി രൂപ പിരിച്ചെടുത്തുവെന്നാരോപിച്ച് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തെന്നും ഇഡി പറഞ്ഞു.
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎയുടെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ രൂപയുടെ വസ്തുക്കൾ. ഹരിയാന കോൺഗ്രസ് എംഎൽഎ ധരം സിംഗ് ചോക്കറിന്റെ ഉടമസ്ഥതയിലുള്ളതും അദ്ദേഹം നിയന്ത്രിക്കുന്നതുമായ കമ്പനികളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 4.5 ലക്ഷം രൂപയും പിടിച്ചെടുത്തു. പാനിപ്പത്ത് ജില്ലയിലെ സമൽഖയിൽ നിന്നുള്ള 59 കാരനായ നിയമസഭാംഗമാണ് ധരം സിംഗ്. മക്കളായ സിക്കന്ദർ സിംഗ്, വികാസ് ചോക്കർ എന്നിവർക്കൊപ്പം മഹിറ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമയും പ്രൊമോട്ടറുമാണ് എംഎൽഎയെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
സമൽഖ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ പതിനൊന്ന് സ്ഥലങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തി. ജൂലൈ 25നാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. സായ് ഐന ഫാംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഗുരുഗ്രാം പൊലീസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് എംഎൽഎക്കെതിരെ ചുമത്തിയത്. ഗുരുഗ്രാമിലെ സെക്ടർ 68ൽ പാർപ്പിട യൂണിറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1,497 പേരിൽനിന്ന് 360 കോടി രൂപ പിരിച്ചെടുത്തുവെന്നാരോപിച്ച് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തെന്നും ഇഡി പറഞ്ഞു. വാഗ്‌ദാനം ചെയ്‌ത വീടുകൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിറ ഗ്രൂപ്പിനെതിരെ ഒരു വർഷമായി പ്രതിഷേധ സമരം തുടരുകയാൻണ്. വ്യാജ ബില്ലുകൾ നിർമിച്ച് പണം തട്ടിയെടുത്തതായും കണ്ടെത്തിയെന്ന് ഇ ഡി പറഞ്ഞു.
ചോക്കർ പ്രമോട്ടഡ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന മറ്റ് നാല് ഭവന പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മഹിറ ഗ്രൂപ്പിന്റെ ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇ ഡി പറഞ്ഞു. 4 കോടി രൂപ വിലയുള്ള കാറുകളാണ് പിടിച്ചെടുത്തത്.