അപ്രതീക്ഷിത മെസേജും സൗഹൃദവും; യുവതിയുടെ ഉപദേശം അനുസരിച്ച ഡോക്ടർക്ക് വമ്പൻ പണി കിട്ടിയതോടെ പൊലീസിന് മുന്നിൽ
ഫേസ്ബുക്ക് മെസഞ്ചറിലൂടെ മാത്രമായിരുന്നു യുവതിയുമായി ഡോക്ടര്‍ക്ക് പരിചയം. യുവതി പറയുന്നത് കേട്ട് ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കുകയും ചെയ്തു.
മുംബൈ: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അനുസരിച്ച് ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് ശ്രമിച്ച ഡോക്ടര്‍ക്ക് ഒരു കോടിയിലേറെ രൂപ നഷ്ടമായി. മുംബൈ സ്വദേശിയും 46 വയസുകാരനുമായ ഗൈനക്കോളജിസ്റ്റാണ് ഓണ്‍ലൈന്‍ സുഹൃത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കാന്‍ ശ്രമിച്ചത്. ആകെ 1.10 കോടി രൂപ തനിക്ക് നഷ്ടമായെന്നും അതില്‍ 28 ലക്ഷം രൂപ ഒരു സുഹൃത്തില്‍ നിന്ന് കടം വാങ്ങിയതാണെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
സെന്‍ട്രല്‍ മുബൈയില്‍ താമസിക്കുന്ന ഡോക്ടര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13നാണ് അജ്ഞാത യുവതിയില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചറില്‍ ഒരു സന്ദേശം ലഭിച്ചത്. മെലിസ കാംപ്ബെല്‍ എന്ന പേരിലായിരുന്നു പ്രൊഫൈല്‍. ക്രിപ്റ്റോ ട്രേഡിങ് നടത്തുന്ന ആളാണെന്ന് പരിചയപ്പെടുത്തി. നേരത്തെ തന്നെ ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്ന ഡോക്ടര്‍ക്ക് അത് പരീക്ഷിക്കാന്‍ താത്പര്യവുമുണ്ടായിരുന്നു. ഇരുവരും ചാറ്റിങ് തുടര്‍ന്നതോടെ താന്‍ ക്രിപ്റ്റോ ട്രേഡിങില്‍ വിദഗ്ധയാണെന്ന് യുവതി ഡോക്ടറെ വിശ്വസിപ്പിച്ചു. നല്ല ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെയും ക്രിപ്റ്റോ നിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിച്ചു.
യുവതിയുടെ നിര്‍ദേശ പ്രകാരം ഡോക്ടര്‍ ട്രേഡിങ് അക്കൗണ്ട് തുടങ്ങി. വാട്സ്ആപ്, മൊബൈല്‍ നമ്പറുകളും ഇ-മെയില്‍ വിലാസവും ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകളും യുവതിക്ക് അയച്ചുകൊടുത്തു. ക്രിപ്റ്റോ ട്രേഡിങ് എക്സ്ചേഞ്ചില്‍ അക്കൗണ്ട് തുടങ്ങുകയും ഇടപാടുകള്‍ക്ക് അതില്‍ തനിക്ക് ഒരു വാലറ്റ് ലഭിക്കുകയും ചെയ്തതായി ഡോക്ടര്‍ പരാതിയില്‍ വിശദീകരിക്കുന്നു. യുവതിയുടെ നിര്‍ദേശപ്രകാരം 1.1 കോടി രൂപ ഡോക്ടര്‍ ഇതില്‍ നിക്ഷേപിച്ചു. ഇതില്‍ 79 ലക്ഷവും ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെയായിരുന്നു.
യുവതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ലാഭം കിട്ടുന്നതിനായി ഡോക്ടര്‍ മറ്റ് ചില വാലറ്റുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. ലാഭം ഉണ്ടായെന്ന് മനസിലായപ്പോള്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നികുതിയും കമ്മീഷനും നല്‍കേണ്ടി വരുമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഡോക്ടര്‍ ഒരു സുഹൃത്തില്‍ നിന്ന് 28 ലക്ഷം കൂടി വാങ്ങി. എന്നാല്‍ അപ്പോള്‍ പണം നല്‍കാന്‍ മറ്റ് നിബന്ധനകളായി. ഒടുവില്‍ പണം കിട്ടാന്‍ പോകുന്നില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും ഡോക്ടര്‍ മനസിലാക്കി.
ഒക്ടോബര്‍ 14 വരെ ഈ തട്ടിപ്പ് തുടര്‍ന്നു. പിന്നീട് പരാതി നല്‍കുമെന്ന് ഡോക്ടര്‍ യുവതിയെ അറിയിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞാണ് പരാതി നല്‍കിയത്. വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുംബൈ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവതി നല്‍കിയ വാലറ്റ് അഡ്രസുകളിലേക്ക് ഡോക്ടര്‍ 32 തവണ ക്രിപ്റ്റോ കറന്‍സികള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ വാലറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...