'വിശ്രമം നല്‍കാതെ പണിയെടുപ്പിക്കരുത്, സുരക്ഷയെ ബാധിക്കും'; എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം വര്‍ധിക്കുകയും ഇത് രേഖകളിൽ തെറ്റായി അടയാളപ്പെടുത്തുകയും ഡ്യൂട്ടി ഓവർലാപ്പുചെയ്യുകയും ചെയ്ത സംഭവങ്ങളും കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.
ദില്ലി: പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎൽ), ഫ്ലൈറ്റ് ക്രൂവിൻ്റെ ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം (എഫ്എംഎസ്) എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് 80 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാർച്ച് ഒന്നിന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
തൃപ്തികരമല്ലാത്ത മറുപടിയെ തുടർന്നാണ് 80 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ടുകളുടെയും തെളിവുകളുടെയും വിശകലനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസ്സിന് മുകളിലുള്ള രണ്ട് ഫ്ലൈറ്റ് ജീവനക്കാരുമായി ഫ്ലൈറ്റ് (എ) പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയെന്നും ഇത് ചട്ട ലംഘനമാണെന്നും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പ്രതിവാര വിശ്രമം, അൾട്രാ ലോംഗ് റേഞ്ച് (ULR) ഫ്ലൈറ്റുകൾക്ക് മുമ്പും ശേഷവുമുള്ള വിശ്രമം, ക്രൂവിന് മതിയായ വിശ്രമം എന്നിവ നൽകുന്നതില്‍ എയര്‍ ഇന്ത്യ മാനദണ്ഡം ലംഘിക്കുന്നതായി കണ്ടെത്തി.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം വര്‍ധിക്കുകയും ഇത് രേഖകളിൽ തെറ്റായി അടയാളപ്പെടുത്തുകയും ഡ്യൂട്ടി ഓവർലാപ്പുചെയ്യുകയും ചെയ്ത സംഭവങ്ങളും കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു. രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയിൽ മെച്ചപ്പെട്ട സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്നും ഡിജിസിഎ വ്യക്തമാക്കി.