ചോദിക്കാതെ പണം അക്കൗണ്ടിലിട്ട ശേഷം ഭീഷണി, വേണ്ടെന്ന് പറഞ്ഞിട്ടും വീണ്ടും പണമിട്ടു; പൊലീസിനെ സമീപിച്ച് യുവതി

ഒരു തവണ മാത്രം 2500 രൂപ യുവതി ആവശ്യപ്പെട്ടു. ഇത് പലിശ സഹിതം തിരിച്ചടച്ച ശേഷം വീണ്ടും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. വേണ്ടെന്ന് അറിയിച്ചെങ്കിലും പിന്നെയും പിന്നെയും പണം അയക്കുകയായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

deposited money to bank account without requesting and threatening young woman seeks police help afe

തിരുവനന്തപുരം: ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം കഴുത്തറുപ്പൻ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുവെന്ന് പരാതി. വെങ്ങാനൂർ സ്വദേശിനിയായ യുവതിക്കാണ് ഓൺലൈന്‍ തട്ടിപ്പുകാരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയർന്നതിനെ തുടർന്ന് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് അറിയിച്ചു. 

ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് ഹീറോ റുപ്പി എന്ന  ഓൺ ലൈൻ ആപ്പ് വഴി യുവതി ആദ്യം 2500 രൂപ ലോൺ ആയി എടുത്തിരുന്നു. ഇത് അഞ്ച് ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നൽകിയ ശേഷം യുവതിക്ക് നിർദ്ദേശം നൽകി. ഇതോടെ തട്ടിപ്പ് മനസിലാക്കിയ എടുത്ത ലോൺ പലിശയടക്കം തിരിച്ചടച്ചു. വീണ്ടും ലോൺ നൽകാമെന്ന സംഘത്തിന്റെ വാഗ്ദാനം നിരസിച്ചെങ്കിലും യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാർ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നൽകി ഭീഷണിപ്പെടുത്തി  കൊള്ളപ്പലിശ സഹിതം ഈടാക്കി. 

അപകടം മനസിലാക്കിയ യുവതി ഇനി പണം വേണ്ടെന്നറിയിച്ചശേഷം മൊബൈലിൽ നിന്ന് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു. എന്നാൾ വീണ്ടും അക്കൗണ്ടിലേക്ക് പണമയച്ച തട്ടിപ്പുകാർ പലിശ ഉൾപ്പെടെ വേണമെന്ന് ഫോണിൽ വിളിച്ച് ഭീഷണി തുടർന്നുവെന്നാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം ബന്ധുക്കൾക്ക് അയച്ച് നൽകുമെന്നാണ് ഇംഗ്ലീഷിലുള്ള സന്ദേശങ്ങളിലുള്ളത്. ഹിന്ദിയില്‍ സംസാരിക്കുന്ന ആളുകള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. ഇതിനെ തുടർന്നാണ് യുവതി ഇന്നലെ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്. ഭീഷണി സന്ദേശമയച്ച ഫോൺ നമ്പർ മനസിലാക്കിയ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

Read also: 330 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ് ലേലത്തില്‍ വിറ്റ് പോയത് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് !

അതേസമയം അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല.

ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ്  തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios