കലാനിധി മാരന് തിരിച്ചടി, ആശ്വാസത്തിൽ സ്‌പൈസ് ജെറ്റ്; ഓഹരികൾ ഉയർന്നു

മുൻ ഉടമ കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൽകാൻ സ്പൈസ് ജെറ്റിനോടും അജയ് സിംഗിനോടും നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കി

Delhi HC sets aside order upholding arbitral award in favour of Kalanithi Maran and against SpiceJet

സ്‌പൈസ് ജെറ്റ് കേസിൽ ഉടമ അജയ് സിങ്ങിന് ആശ്വാസം നൽകിയുള്ള ദില്ലി ഹൈക്കോടതി വിധിയെത്തുടർന്ന് ഓഹരികളിൽ  മുന്നേറ്റം. മുൻ ഉടമ കലാനിധി മാരന് പലിശ സഹിതം 579 കോടി രൂപ തിരികെ നൽകാൻ സ്പൈസ് ജെറ്റിനോടും അജയ് സിംഗിനോടും നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഓഹരി വില കൂടിയത്. സിംഗിൾ ബെഞ്ചിന്റെ 2023 ജൂലൈ 31ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിംഗും സ്പൈസ് ജെറ്റും സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് യശ്വന്ത് വർമ, ജസ്റ്റിസ് രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലുള്ള സ്പൈസ് ജെറ്റിന് ഏറെ ആശ്വാസകരമാണ് തീരുമാനം. സ്‌പൈസ് ജെറ്റ് ഓഹരി വില ഏകദേശം 5% ആണ് വർധിച്ചത്. 

എന്താണ് കേസ്?

2015 ഫെബ്രുവരിയിൽ, മാരനും അദ്ദേഹത്തിന്റെ ഉമടസ്ഥതയിലുള്ള കെഎഎൽ എയർവേയ്‌സും സ്‌പൈസ് ജെറ്റിലെ തങ്ങളുടെ 58.46 ശതമാനം ഓഹരികൾ എയർലൈനിന്റെ സഹസ്ഥാപകൻ കൂടിയായ സിംഗിന് കൈമാറി. ഉടമസ്ഥാവകാശ കൈമാറ്റത്തിനൊപ്പം, ഏകദേശം 1,500 കോടി രൂപ വരുന്ന എയർലൈനിന്റെ ബാധ്യതകളും സിംഗ് ഏറ്റെടുത്തു. കരാർ പ്രകാരം മാരനും കെഎഎൽ എയർവേയ്‌സും  ഓഹരി  ഇഷ്യൂ ചെയ്യുന്നതിനായി സ്‌പൈസ് ജെറ്റിന് 679 കോടി രൂപ നൽകിയതായി അവകാശപ്പെട്ടു. എന്നിട്ടും, ഈ ഓഹരികൾ അനുവദിച്ചിട്ടില്ലെന്ന് മാരൻ ആരോപിച്ചു, ഇതേ തുടർന്ന് 1,323 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന മാരൻ്റെ അവകാശവാദം 2018 ജൂലൈയിൽ ആർബിട്രേഷൻ പാനൽ തള്ളിക്കളഞ്ഞു. പകരം, പലിശയും സഹിതം 579 കോടി രൂപ  റീഫണ്ട് നൽകുന്നതിന് ഉത്തരവിടുകയായിരുന്നു .

സ്പൈസ് ജെറ്റ് 30 വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുന്നത്. അതിൽ 8 വിമാനങ്ങൾ പാട്ടത്തിനെടുത്തതാണ്. പ്രതിസന്ധി മറികടക്കുന്നതിനായി 2200 കോടിയുടെ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ് എയർലൈൻ

Latest Videos
Follow Us:
Download App:
  • android
  • ios