പതിനാറിന്റെ ചെറുപ്പവുമായി സൊമാറ്റോ, പരസ്യം കണ്ട് അന്തംവിട്ട് പേടിഎം സ്ഥാപകൻ, പിന്നാലെ അഭിനന്ദനവും
പുതിയ കാലത്തെ പഴയകാല പരസ്യം എന്ന നിലയ്ക്ക് ഒട്ടേറെ പേരാണ് സൊമാറ്റോയുടെ പരസ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ പത്രത്തിലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
പതിനാറിന്റെ നിറവില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് പിറന്നാള്‍ ദിനം സൊമാറ്റോ ആഘോഷിച്ചത്. പഴയ മാതൃകയിലുള്ള പത്ര പരസ്യത്തിലൂടെയാണ് ന്യൂജെന്‍ കമ്പനി തങ്ങളുടെ പിറന്നാള്‍ ദിനം ഉപഭോക്താക്കളിലെത്തിച്ചത്. ഹിന്ദിയിലായിരുന്നു പരസ്യ വാചകങ്ങളും. ഹിന്ദി പത്രങ്ങള്‍ക്ക് പുറമേ തമിഴ്നാട്ടിലെ പത്രങ്ങളിലും സൊമാറ്റോയുടെ ജന്‍മദിന പരസ്യം ഉണ്ടായിരുന്നു. പുതിയ കാലത്തെ പഴയകാല പരസ്യം എന്ന നിലയ്ക്ക് ഒട്ടേറെ പേരാണ് സൊമാറ്റോയുടെ പരസ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ പത്രത്തിലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
റോഡരികിലെ രാഷ്ട്രീയ ബോർഡുകളെ അനുസ്മരിപ്പിക്കുന്ന പരസ്യത്തിൽ, സൊമാറ്റോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദീപീന്ദർ ഗോയലിന്റെ വലിയ ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകളുടെ ചെറിയ ചിത്രങ്ങളും പരസ്യത്തിലുണ്ട്. ഹിന്ദിയിലെഴുതിയ സന്ദേശത്തിൽ ഞങ്ങളുടെ 16-ാം ജന്മദിനത്തിൽ, സ്‌നേഹം ചൊരിഞ്ഞതിന് നിങ്ങൾക്കെല്ലാവർക്കും വലിയ നന്ദി എന്നും എഴുതിയിട്ടുണ്ട്.
പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയും പരസ്യത്തെ അഭിനന്ദിച്ചു. പതിനാറാം ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി ആറ് മാസത്തേക്ക് സൊമാറ്റോ ഗോൾഡ് അംഗത്വം വെറും 30 രൂപയ്ക്ക് ലഭിക്കും. സൗജന്യ ഡെലിവറി പോലുള്ള ആനുകൂല്യങ്ങളും പങ്കാളിത്തമുള്ള റെസ്റ്റോറന്റുകളിൽ 30 ശതമാനം വരെ കിഴിവും സൊമാറ്റോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ദീപീന്ദർ ഗോയലും സുഹൃത്ത് പങ്കജ് ഛദ്ദയും 2008-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സൊമാറ്റോ. ഫുഡിബേ എന്ന പേരിൽ സ്ഥാപിതമായ കമ്പനി, 2010 ജനുവരി 18-ന് സൊമാറ്റോ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. 14 ലക്ഷം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം എത്തിക്കുന്നുണ്ട്.